ബെഫ്രണ്ട്സിന്റെ ഓണസമ്മാനം

ലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ധാരാളം ഉണ്ട്. പക്ഷേ മിച്ചം വരുന്ന പണത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവർക്ക് നൽകുന്നതിനപ്പുറം സ്വന്തം ആഘോഷങ്ങൾ വേണ്ടെന്ന് വെച്ചിട്ട് അതിൽ നിന്നും സ്വരുപിക്കുന്ന പണം കൊണ്ട് സ്വന്തം സഹോദരങ്ങളെ സഹായിക്കുമ്പോൾ അതിന് മൂല്യവും , അർത്ഥവും കൂടുന്നു. ഇത്തരത്തിലുള്ള ഒരു സ്നേഹ സ്പർശമാണ് ഈ ഓണക്കാലത്ത് സ്വിറ്റ്സർലണ്ടിൽ പ്രവർത്തിക്കുന്ന ബി ഫ്രണ്ട്സ് സംഘടന നടത്തിയത്. സമൂഹത്തിലെ മുഖ്യധാരയിൽ നിന്ന് പല കാരണങ്ങളാൽ മാറ്റി നിർത്തപ്പെട്ട എതാണ്ട് അറുന്നീറ്റിയമ്പതോളം സഹോദരങ്ങൾക്കായി സ്വന്തം ഓണാഘോഷം മാറ്റി വെച്ചിട്ട് തിരുവോണ ദിവസം തിരുവോണ സദ്യയും , തിരുവോണ സമ്മാനങ്ങളും നൽകി ആദരിച്ചപ്പോൾ ഈ കൊച്ച് കേരളത്തിന് അതൊരു വേറിട്ട കാഴ്ചയായി മാറി. ഈ സഹോദ‌രങ്ങളിൽ ഒരുവന് നീ ചെയ്തതെല്ലാം എനിക്കുവേണ്ടിയാണ് ചെയ്തതെന്ന യേശു ക്രിസ്തുവിന്റെ വാക്കുകൾ അന്വർത്ഥമാക്കികൊണ്ട് സ്നേഹത്തിൽ വേവിച്ചെടുത്ത ചോറും , കറികളും വിളമ്പിയപ്പോൾ ആ സഹോദരങ്ങളുടെ മുഖത്ത് വിടർന്ന പുഞ്ചിരിയാണ് വിളമ്പിയവന്റെ പ്രതിഫലം. ലോക മെമ്പാടുമുള്ള മുഴുവൻ പ്രവാസി മലയാളികൾക്കും വലിയ മാതൃകയായി മാറുകയാണ് ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് .