ONE DAY FAMILY TOUR HELD ON-2024 MAY 11 TH TO BLACK FOREST
കഴിഞ്ഞ മെയ് പതിനൊന്നാം തിയതി ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ഫാമിലി ടൂറിലെ യാത്രികയായിരുന്ന ശ്രീമതി റീത്ത വിമലശേരിയുടെ യാത്രാവിവരണക്കുറിപ്പ് .
ബി ഫ്രണ്ട്സ് വൺ ഡേ ടൂർ 2024- ഭാഗം 1
ലോകത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിൽ ഒന്നാണല്ലോ പ്രതീക്ഷ. എന്നാൽ, കാത്തിരിക്കുന്ന പുതിയ അനുഭവങ്ങളുമായി കൂടിക്കാഴ്ച നടത്തുവാൻ ഉള്ള പ്രതീക്ഷയുടെ എന്നല്ല ആശയുടെ പോലും ഒരു ചെറുനാളം മനസ്സിൽ വേണ്ട സമയത്ത് തെളിയിക്കുവാൻ കഴിയുന്നില്ല എങ്കിൽ ആ യാഥാർഥ്യം അംഗീകരിക്കുവാൻ ബുദ്ധിമുട്ടു തോന്നാത്തവർ ചുരുക്കം ആയിരിക്കും. എനിക്കും ഈ ദിവസങ്ങളിൽ അതെ അനുഭവം ആണ് ഉണ്ടായത്.
എന്താണ് എന്റെ പ്രശ്നം എന്ന് ഇപ്പോൾ ആർക്കെങ്കിലും ഒക്കെ സംശയം തോന്നിത്തുടങ്ങിയിട്ടുണ്ടാകും അല്ലെ? കൃത്യമായി പറഞ്ഞാൽ ബി ഫ്രണ്ട്സിന്റെ 2024 – ലെ വൺ ഡേയ് ടൂർ തന്നെ ആണ് പ്രശ്നകാരണമായത്. മുൻകാലങ്ങളിൽ അത്തരം ടൂറിനെപ്പറ്റി കേൾക്കുമ്പോൾ മനസ്സ് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുമായിരുന്നു എങ്കിൽ, ഇത്തവണ ഒരു സംഘർഷത്തിനാണ് അതെ മനസ്സ് സാക്ഷിയായത്. പോകണം എന്ന് പറയുന്ന ഒരു ഭാഗം, പോകണ്ട എന്ന് പറയുന്ന എതിർഭാഗം. വാഗ്‌വാദത്തിൽ രണ്ടു ഭാഗക്കാരും മോശമായിരുന്നില്ല. പോകാതിരുന്നാൽ ഉണ്ടാകാവുന്ന നഷ്ടങ്ങളെപ്പറ്റി വലതു ഭാഗം ശക്തമായി വാദിച്ചപ്പോൾ പോയാൽ കിട്ടുമെന്ന് ഉറപ്പുള്ള ഒരേ ഒരു കാര്യമാണ് പോകണ്ട എന്ന് വാദിച്ച ഇടതുഭാഗം ഉയർത്തിയത്. വീടിനു പുറത്തു കലുഷിതമായ കാലാവസ്ഥ താണ്ഡവനൃത്തമാടിയപ്പോൾ മനസ്സിനുള്ളിൽ സംഘർഷത്തിന്റെ മല്ലയുദ്ധമാണ് അരങ്ങേറിക്കൊണ്ടിരുന്നത്. ചിന്താക്കുഴപ്പത്തിൽ പെട്ട മനസ്സ് സ്വാഭാവികമായും കലുഷിതമായിത്തന്നെ ഇരുന്നു. മേയ് 11, 2024 എന്നത് ഞാൻ സ്വിറ്റസർലണ്ടിൽ കാലുകുത്തിയിട്ടു 47 വർഷങ്ങൾ തികഞ്ഞ ദിവസം ആണ് എന്നതു പോലും വിസ്മരിക്കപ്പെട്ടു പോയതും അങ്ങനെ ആയിരിക്കാം. ഏതായാലും ഒരു തീരുമാനവും എടുക്കാതെ ദിവസങ്ങൾ നിഷ്ക്രിയമായി കടത്തിവിട്ടത് മൂലം പോകണ്ട എന്ന് വാദിച്ച ഭാഗത്തിനു തോൽവി ഉറപ്പാക്കിക്കൊണ്ടു യാത്രാദിനം പിറന്നുവീണു.
അവതാരികയും ഭർത്താവ് ജോർജ് വിമലശേരിയും
ഞങ്ങൾ തെരഞ്ഞെടുത്ത മീറ്റിംഗ് പോയിന്റ് ആയ ഫെൽഡർമോസ് പാർക്കിംഗ് ലോട്ടിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിക്കുമ്പോൾ തന്നെ മുൻ ദിവസങ്ങളിലെ തകിടം മറിഞ്ഞ കാലാവസ്ഥയുടെ പിടിയിൽ നിന്ന് മോചനം നേടിയ പ്രഭാതത്തിന്റെ ആദ്യ വെളിച്ചം പ്രകൃതിയെ ഊഷ്മളമായ സ്വർണ നിറത്തിൽ കുളിപ്പിച്ചു മനോഹരിയാക്കുന്ന തിരക്കിൽ മുഴുകി കഴിഞ്ഞിരുന്നു. ഏറെ ദിവസങ്ങൾക്കു ശേഷം കിട്ടിയ പ്രശാന്തമായ അന്തരീക്ഷവും തിരക്ക് കുറഞ്ഞ റോഡുകളും തെളിഞ്ഞതും നിശ്ചലവുമായ വായുവും മനസ്സിന് ഏറെ ഉണർവും ശാന്തിയും നൽകി. കഴിഞ്ഞ രാത്രികളിലെ പെരുമഴയുടെ ആശ്ലേഷത്തിൽ മുഴുകിയുണർന്ന പുൽത്തകിടികൾ കൂടുതൽ സൗന്ദര്യവതികൾ ആയി കാണപ്പെട്ടു. പ്രഭാപൂരിതമായ നീലാകാശത്തിനു മുഖാമുഖമായി വിദൂരതയിൽ തലയുയർത്തി നിൽക്കുന്ന പർവതനിരകളും, ശാന്തമായി ഒഴുകുന്ന ലിമ്മാത് നദിയിലെ സ്പടിക ജലവും, പെയ്തു തോർന്ന മഴയിൽ കഴുകി വൃത്തിയാക്കപ്പെട്ട തൊടികളും വനങ്ങളൂം, പ്രതികൂലമായ കാലാവസ്ഥയുടെ ക്രൂരതയിൽ പെട്ട് അവശരെങ്കിലും ഒരിക്കൽ കൂടെ വിരിഞ്ഞു നൃത്തമാടുവാൻ വെമ്പൽ കൊള്ളുന്ന പൂക്കളും പൂമൊട്ടുകളും ഞങ്ങൾക്ക് ആ ചെറിയ യാത്രയിലും നവീകരണത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്നു തന്നുകൊണ്ടിരുന്നു.
ഭാഗം 2
മീറ്റിങ്ങ് പോയിന്റിൽ കൂടുതൽ ആളുകൾ എത്തി തുടങ്ങിയത്തോടെ ആവേശത്തിന്റെയും കാത്തിരിപ്പിന്റെയും ആയ ഒരു അന്തരീക്ഷം അവിടെ രൂപം കൊള്ളുവാൻ ഏറെ നേരം വേണ്ടി വന്നില്ല. താമസിയാതെ തന്നെ അത്യന്താധുനിക സൗകര്യങ്ങൾ ഉള്ള ഡബിൾ ഡെക്കർ കോച്ച് പ്രൗഢ ഗാംഭീര്യത്തോടെ അവശേഷിക്കുന്നവരുമായി ഫോർഹിൽ നിന്നും എത്തിച്ചേർന്നു. എവിടെ ഒക്കെയോ വച്ച് മുൻകാലങ്ങളിൽ കോർത്തു തുടങ്ങിയ സൗഹൃദത്തിന്റെ ബന്ധങ്ങൾ മുന്നോട്ടുള്ള യാത്രയിൽ പങ്കിട്ട അനുഭവങ്ങളാൽ ദൃഢതരമാക്കിക്കൊണ്ടു ഞങ്ങൾ ഏവരും ഒന്നിച്ചു ലക്ഷ്യസ്ഥാനത്തേയ്‌ക്ക് നീങ്ങിത്തുടങ്ങി.
ഈശ്വരനെ സ്മരിച്ചുകൊണ്ട് ആരംഭിച്ച യാത്രയിലേക്ക് ഏവർക്കും ഊഷ്മളമായ സ്വാഗതം നേർന്ന ശേഷം ഭാരവാഹികൾ അന്നത്തെ കാര്യപരിപാടികൾ വിശദമാക്കി തന്നു. ബസിന്റെ മുൻഭാഗത്തു സ്ഥാനമുറപ്പിച്ചിരുന്ന അനുഗ്രഹീത ഗായകർ തങ്ങളുടെ മാന്ത്രികച്ചെപ്പു തുറന്നതോടെ അന്തരീക്ഷം ആഹ്ലാദഭരിതമായി. ആരോഗ്യപരമായ കാരണങ്ങളാൽ ആർക്കെങ്കിലും ഐസ് ക്യൂബ്സ് ആവശ്യമുണ്ടെങ്കിൽ താഴത്തെ നിലയിൽ കിട്ടുന്നതാണ് എന്ന സന്ദേശം കാലേകൂട്ടി അറിയിക്കപ്പെട്ടതു ഒട്ടുമുക്കാലും പേരും കയ്യടിച്ചു സ്വീകരിച്ചു.
ആദ്യത്തെ ലക്ഷ്യസ്ഥാനമായ സ്റ്റെയിൻവാസെൻ (Steinwasen) പാർക്കിലേക്കുള്ള ഏകദേശം ഒന്നര മണിക്കൂർ യാത്രയ്ക്കിടയിൽ മനസ്സിന് മാത്രമല്ല ശരീരത്തിനും സമൃദ്ധിയുടെ കാലം ആയിരുന്നു. സ്വാദിഷ്ടമായ കാപ്പിയും Gipfeliയും സ്നേഹത്തോടെ ഇരിപ്പിടങ്ങളിൽ എത്തിച്ചുതരുവാൻ റിഫ്രഷ്മെന്റ് ടീം പ്രത്യേകം ശ്രദ്ധിച്ചു. പിന്നീട് വട്ടയപ്പം, ചക്കച്ചുള വറത്തത് തുടങ്ങി വിവിധ “നാടൻ” പലഹാരങ്ങളുടെ ഘോഷയാത്ര ഒന്നാം ഭാഗം ആരംഭിച്ചു. (മുകളിലത്തെ നിലയിൽ ഇരുന്നവർക്കു മാത്രമുള്ള ഒരു ട്രീറ്റ് ആയിരുന്നോ ഇത് എന്ന് അറിയില്ല. അല്ലെങ്കിൽ പോലും താഴത്തെ നിലയിൽ സ്പെഷ്യൽ ട്രീറ്റ് ഒന്നുമില്ലാതെ തന്നെ സംതൃപ്തരാകുന്നവർ ആണ് സ്ഥാനം പിടിച്ചിരുന്നത് എന്നാണു പറഞ്ഞു കേട്ടത്).
തെളിഞ്ഞ നീലാകാശത്തിൽ ഉയർന്നു പൊങ്ങിയ സൂര്യന്റെ അകമ്പടിയോടെ സിറ്റിക്ക് പുറത്തു കടന്ന ഞങ്ങളെ എതിരേറ്റത് പ്രകാശത്തിന്റെ പൊൻപട്ടിൽ പൊതിഞ്ഞ ചെരിഞ്ഞിറങ്ങുന്ന കുന്നുകളും നിർമ്മലമായ തടാകങ്ങളും നിറഞ്ഞ സൗമ്യമായ സ്വിസ് ഗ്രാമപ്രദേശം ആയിരുന്നു. അതിനുശേഷം അതിർത്തി കടന്ന് ജർമ്മനിയിലെ ആകർഷകമായ ഷ്വാർസ്വാൽഡ് (ബ്ലാക്ക് ഫോറസ്റ്റ്) മേഖലയിലേയ്ക്ക് പ്രവേശിച്ചപ്പോൾ പ്രകൃതിയുടെ മുഖച്ഛായ അപ്പാടേ മാറി. വിശാലമായ വനങ്ങളും മുഴങ്ങുന്ന വെള്ളച്ചാട്ടങ്ങളും ആഴത്തിൽ വെട്ടിയ മലയിടുക്കുകളും സുഗന്ധം പൂശിയ മേടുകളും പുൽമേടുകളും തടാകങ്ങളും വിശാലമായ ചതുപ്പുനിലങ്ങളും ഇവയൊക്കെയുമായി തോളോടുതോൾ ചേർന്ന് നിൽക്കുന്ന പർവ്വതങ്ങളും കുന്നുകളും താഴ്‌വരകളും പരമ്പരാഗത ഗ്രാമങ്ങളും പകുതി ഇടുങ്ങിയ മേൽക്കൂരയുള്ള വീടുകളും ഉൾക്കൊള്ളുന്ന അതിമനോഹരമായ ഒരു പ്രദേശമാണ് “ബ്ലാക്ക് ഫോറസ്റ്റ്”.
നിബിഡ വനങ്ങൾക്കും അവിശ്വസനീയമായ മനോഹാരിതയുള്ള പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ട ബ്ലാക്ക് ഫോറസ്റ്റ് മന്ത്രവാദിനികളുടെയും ആത്മാക്കളുടെയും മറ്റ് അമാനുഷിക ജീവികളുടെയും കഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇടതൂർന്ന കാടുകളും മൂടൽമഞ്ഞുള്ള താഴ്‌വരകളും നിഴലിൽ പതിയിരിക്കുന്ന അത്തരം ജീവികളെ എളുപ്പത്തിൽ സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളുടെ ഭാവനയെ ആകർഷിക്കുന്നതും പ്രചോദനം നൽകുന്നതുമായ ഇത്തരം നാടോടിക്കഥകൾ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിന്റെയും വിസ്മയവും കൗതുകവും ഉണർത്താനുള്ള കഴിവിന്റെയും തെളിവാണ്. നിഗൂഢമായ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഗെയിമിംഗ് ഉൾപ്പെടെയുള്ള വിവിധ വ്യവസായങ്ങളിൽ കാര്യമായ സാംസ്കാരിക സ്വാധീനം ചെലുത്തുവാൻ ഈ ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും കഴിഞ്ഞിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഈ കഥകൾ സത്യത്തിൽ വേരൂന്നിയതാണെങ്കിലും ഈ മരങ്ങൾക്കിടയിൽ ജീവിച്ചവരുടെ ഭാവനയിൽ നിന്ന് ജനിച്ചതാണെങ്കിലും, അവ സന്ദർശകരെയും നാട്ടുകാരെയും ഒരുപോലെ എക്കാലവും മയക്കികൊണ്ടിരിക്കുകയാണ്.
ഭാഗം 3
ബ്ലാക്ക് ഫോറസ്റ്റിന്റെ അതിമനോഹരമായ ചില ഭാഗങ്ങളിലൂടെ മരങ്ങളുടെയും പുൽത്തകിടികളുടെയും സമൃദ്ധമായ പച്ചപ്പ്, കാടുകൾക്കിടയിലൂടെ ഒഴുകുന്ന തെളിഞ്ഞ അരുവികൾ, ഇടയ്ക്കിടെ പാറകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം തുടങ്ങിയ പ്രകൃതി ദൃശ്യങ്ങൾ കൺകുളിർക്കെ ആസ്വദിച്ചുകൊണ്ട് ബ്ലാക്ക് ഫോറസ്റ്റിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്റ്റെയിൻവാസെൻ (Steinwasen) പാർക്കു ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. ഒബെർറീഡ് (Oberried) പട്ടണത്തിനടുത്തായി പ്രകൃതി സൗന്ദര്യം തുളുമ്പിനിൽക്കുന്ന വനപശ്ചാത്തലത്തിൽ ഒരു വന്യജീവി മൃഗശാലയും അതോടൊപ്പം കോരിത്തരിപ്പിക്കുന്ന റൈഡുകളുടെ സവിശേഷമായ സംയോജനവും പ്രദാനം ചെയ്യുന്ന ഒരു തീം പാർക്കാണിത്. ചുറ്റുമുള്ള കൊടുമുടികളുടെയും താഴ്‌വരകളുടെയും അതിശയകരമായ കാഴ്ചകൾ സമ്മാനിക്കുന്ന പർവതപാതയായ Notshrei യിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.
പ്രവേശനകവാടം തുറക്കുന്നതിനു മുൻപ് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നതിനാൽ വിശ്രമിക്കുന്നതിനും കാഴ്ച്ചകളും അനുഭവങ്ങളും ക്യാമറയിൽ പകർത്തുന്നതിനും സൗഹൃദം പങ്കിടുന്നതിനും വേണ്ടത്ര അവസരം ലഭിച്ചു. പിന്നീടുള്ള മൂന്നു മണിക്കൂറോളം സമയം പ്രായഭേദമന്യേ ഏവരും അവിടുത്തെ പതിനഞ്ചോളം indoor/outdoor സാഹസികതകളിൽ പങ്കുചേരുകയോ, ഫിറ്റ്നസ് വര്ധിപ്പിക്കുകയോ, കാഴ്ചകൾ ആസ്വദിക്കുകയോ കൂട്ടുകാരുമൊത്ത് ഉല്ലാസത്തിൽ ഏർപ്പെടുകയോ ചെയ്തു മനസുഖം കൈവരിച്ചു.
സ്റ്റെയിൻവാസെൻ പാർക്കിലേക്കുള്ള യാത്രയുടെ പ്രാധാന്യം ഒരു തീം പാർക്ക് സന്ദർശിക്കുന്നു എന്നതിനേക്കാൾ ഏറെ ഉപരിയാണ്; ബ്ലാക്ക് ഫോറസ്റ്റിന്റെ പ്രകൃതി വിസ്മയങ്ങളിലുള്ള ഒരു മുഴുകലാണത് . സാഹസികതയിലേർപ്പെടുകയോ വിശ്രമിക്കുകയോ അല്ലെങ്കിൽ വെറുതെ അവിടുത്തെ ശുദ്ധവായു ശ്വസിക്കുക മാത്രമാണ് ചെയ്യുന്നതെങ്കിൽ പോലും, ഈ യാത്ര പ്രകൃതിസൗന്ദര്യത്തെ ചുറ്റിപ്പറ്റിയുള്ള ഒരു അവിസ്മരണീയമായ അനുഭവത്തിന്റെ ഓർമ്മകൾ സ്ഥിരമായി മനസ്സിൽ കുറിച്ചിടും.
വിസ്‌തൃതമായ സൺ ടെറസും, പാർക്കിന്റെ വിശാലമായ ദൃശ്യവുമുള്ള സുഖപ്രദമായ സ്റ്റെയിൻവാസെൻ സ്ടൂബെയിൽ ആണ് ഉച്ചഭക്ഷണം ഏർപ്പാടാക്കിയിരുന്നതു. വലിയ ഗ്രൂപ്പ് ആയിരുന്നിട്ടു കൂടി മികച്ച സേവനവും ഊഷ്മളമായ സ്വാഗതവും ആണ് അവിടെ ഞങ്ങൾക്ക് ലഭിച്ചത്. ഓരോരുത്തരുടെയും ഹൃദയാഭിലാഷം അനുസരിച്ചുള്ള വിഭവങ്ങൾ തെരഞ്ഞെടുക്കുവാൻ ഉള്ള അവസരം അവിടെ ഉണ്ടായിരുന്നു എന്നത് ഒരു പ്രത്യേകത ആയിരുന്നു.
അന്നത്തെ ഏറ്റവും വലിയ സർപ്രൈസ് കൂടെയുണ്ടായിരുന്ന രണ്ടു മഹത്‌വ്യക്തികളുടെ ജന്മദിനം ആണ് എന്ന രഹസ്യ അറിയിപ്പായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ബി ഫ്രണ്ട്സിന്റെ പേരിലും, ടൂർ ഗ്രുപ്പിലുള്ളവരുടെ പേരിലും പ്രതിനിധികൾ ഇരുവർക്കും ഹാർദ്ദവമായ മംഗളാശംസകൾ നേരുകയും, എല്ലാവരുമൊത്തു രുചിയേറിയ ജർമ്മൻ ബ്ലാക്ക് ഫോറെസ്റ് കേക്ക് പങ്കിട്ടു പിറന്നാളുകാർ തങ്ങളുടെ സന്തോഷവും നന്ദിയും പ്രകടമാക്കുകയും ചെയ്തു.
ബ്ലാക്ക്‌ഫോറെസ്റ് കേക്കുകളിൽ കേമൻ സ്വിസ്സ്‍ വേർഷൻ ആണോ ജർമ്മൻ വേർഷൻ ആണോ എന്ന് പരീക്ഷിച്ചറിയുവാനും കൂടെ ഉള്ള ഒരു അവസരം ആയിരുന്നു അത്. ഏവരും ഇഷ്ട്ടപ്പെടുന്ന അത്യന്തം രുചിയേറിയ ഈ കേക്കിന്റെ യഥാർത്ഥ ഉത്ഭവസ്ഥാനം (സ്വിറ്റ്സർലൻഡോ, ജെർമനിയോ), അതിന്റെ പേരിന്റെ പിന്നിലെ സത്യം (ബ്ലാക്ക് ഫോറെസ്റ് പർവത നിരയോ, അതിലുപയോഗിക്കുന്ന സ്പെഷ്യൽ ചെറി ബ്രാണ്ടിയോ) ആദ്യത്തെ റെസിപ്പിയുടെ ഉടമ ജോസഫ് കെല്ലർ എന്ന പേസ്ട്രീ ഷെഫ് തന്നെയാണോ തുടങ്ങിയവയൊക്കെ ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, അതുകൊണ്ടു അതിലേയ്ക്ക് കടക്കുന്നില്ല. ജിപ്സി വിശ്വാസങ്ങൾ അനുസരിച്ച്, കേക്കിന്റെ കറുപ്പ്, ചുവപ്പ്, വെളുപ്പ് നിറങ്ങൾ ബ്ലാക്ക് ഫോറസ്റ്റിലെ നിവാസികളുടെ പരമ്പരാഗത വസ്ത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഭാഗം 4
ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം ശാന്തമായ Titisee യോട് ഒട്ടിച്ചേർന്നു കിടക്കുന്ന മനോഹരമായ Titisee-Neustadt എന്ന പട്ടണം ആയിരുന്നു. അവിടെ കാണുന്ന സങ്കീർണ്ണമായ ഡിസൈനുകളും സൂക്ഷ്മമായ കരകൗശലവും ഈ സ്ഥലത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ തെളിവാണ്. ബ്ലാക്ക് ഫോറസ്റ്റിലെ ഏറ്റവും പ്രശസ്തമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ടിറ്റിസേ എന്ന തടാകം. കഴിഞ്ഞ ഹിമയുഗ (ice age) ത്തിലാണ് ടിറ്റിസേ രൂപം കൊണ്ടത്. ഏതാണ്ട് 10,000 വർഷങ്ങൾക്ക് മുമ്പ്, ബ്ലാക്ക് ഫോറെസ്റ്റിലെ ഏറ്റവും പൊക്കം കൂടിയ പർവ്വതമായ ഫെൽഡ്ബെർഗ് മുതൽ ഇന്നത്തെ തടാകം വരെ ഒരു ഗ്ലേസിർ (glacier) വ്യാപിച്ചുകിടന്നിരുന്നു. അന്നത്തെ ഗ്ലേസിർ നിക്ഷേപിച്ച കല്ലുകളും മണ്ണും മറ്റും നീക്കം ചെയ്തപ്പോൾ ഉണ്ടായ തടങ്ങൾ ആണ് ഇപ്പോഴത്തെ ടിറ്റിസേ തടാകത്തിന്റെ അടിവാരം. തടാകത്തിന് സമുദ്രനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരമുണ്ട്, 2 കിലോമീറ്റർ നീളവും 1 കിലോമീറ്ററിൽ താഴെ വീതിയും ഏകദേശം 40 മീറ്റർ ആഴവുമുണ്ട്. നീന്തൽ, ബോട്ടിംഗ്, വിൻഡ്‌സർഫിംഗ്, പെഡൽ ബോട്ടിംഗ്, പ്രൊമെനേഡിലൂടെ ഉള്ള ഉലാത്തൽ എന്നിവയ്ക്ക് ഒക്കെ വളരെ അനുയോജ്യമായ ഒരു തടാകം ആണ് Titisee.
ഞങ്ങൾ അവിടെ എത്തുമ്പോൾ വളരെ പ്രസന്നമായ കാലാവസ്ഥ ആയിരുന്നു. അപ്പോൾ തടാകത്തിലെ സ്പടികതുല്യമായ ജലം ചുറ്റുമുള്ള കാടിനെയും ആകാശത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു ക്യാൻവാസ് പോലെ മനോഹരം ആയി കാണപ്പെട്ടു. ഇളം കാറ്റിന്റെ മന്ദമായ തലോടലേറ്റും ശുദ്ധവും ശാന്തവുമായ വായു ശ്വസിച്ചും നയനമനോഹരമായ കാഴ്ചകൾ കണ്ടും മൃദുവായ ഐസ് ക്രീം നുണഞ്ഞും പ്രൊമനേഡിലൂടെ ചുറ്റി നടന്നു വിശ്രമിച്ചതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
ലോക പ്രശസ്തമായ കുക്കൂ ക്ലോക്കിന്റെ ജന്മസ്ഥലം ഷ്വാർസ് വാൽഡ് (ബ്ലാക്ക് ഫോറെസ്റ്) എന്നാണു കരുതപ്പെടുന്നത്. പത്ത് കുക്കു ക്ലോക്ക് നിർമ്മാതാക്കൾ മാത്രമേ യഥാർത്ഥ ഉൽപ്പന്നം നിർമ്മിക്കുന്നവരായി ഇപ്പോൾ ഉള്ളൂ. 100% ആധികാരികമാകണമെങ്കിൽ ക്ലോക്കുകൾ ഈ പ്രദേശത്ത് നിർമ്മിച്ചതായിരിക്കണം എന്ന് നിബന്ധനയുണ്ടത്രേ. ലോകത്തിലെ ഏറ്റവും വലിയ കുക്കൂ ക്ലോക്ക് സ്ഥിതിചെയ്യുന്ന ഷൊനാഹ്ബാഹ് (Schonachbach) എന്ന സ്ഥലത്തേയ്ക്ക് ആണ് ഞങ്ങൾ അടുത്തതായി നീങ്ങിയത്.
ട്രിബർഗിലെ ചെറുപട്ടണത്തിൽ നിന്നുള്ള വാച്ച് മേക്കർ എവാൾഡ് എബിൾ മകൻ റാൾഫുമായി ചേർന്ന് വളരെ സവിശേഷമായ ഒരു മോഡൽ രൂപകൽപ്പന ചെയ്തു. പരമ്പരാഗത പതിപ്പിനേക്കാൾ 60 മടങ്ങ് വലിപ്പം ഉള്ള ഈ മോഡൽ ആണ് ലോകത്തിലെ ഏറ്റവും വലിയ കുക്കു ക്ലോക്ക്. ഒരു യഥാർത്ഥ വീടിനോളം ഉയരമുള്ള ഇതിന്റെ ക്ലോക്ക് വർക്ക് മാത്രം 4.50 x 4.50 മീറ്റർ ആണ് . അതുപോലെ, ഓരോ അരമണിക്കൂറിലും ഒന്നാം നിലയിലെ ജനാലയിൽ പ്രത്യക്ഷപ്പെടുന്ന കൂറ്റൻ തടി കുക്കുവിന് 150 കിലോഗ്രാം ഭാരം വരും. രണ്ട് മാസ്റ്റർമാർക്കും ഇത് പൂർത്തിയാക്കാൻ അഞ്ച് വർഷമെടുത്തു. യാന്ത്രികമായി പ്രവർത്തിക്കേണ്ടതിനാൽ ഈ ക്ലോക്ക് ചെറിയ ക്ലാസിക് പതിപ്പ് പോലെ പരമ്പരാഗത രീതികൾ ഉപയോഗിച്ച് എല്ലാം കൈകൊണ്ട് ആണ് നിർമ്മിച്ചത്. ട്രിബർഗിലെ കൂറ്റൻ ക്ലോക്ക് ബ്ലാക്ക് ഫോറസ്റ്റ് ക്ലോക്കുകളെയും ക്ലോക്ക് നിർമ്മാണത്തിന്റെ പാരമ്പര്യത്തേയും ചുറ്റിപ്പറ്റിയുള്ള രസകരമായ നിരവധി ആകർഷണങ്ങളിൽ ഒന്നാണ്.
എന്തിനാണ് സമയം പ്രഖ്യാപിക്കാൻ ഒരു “കുക്കൂ” വിളി ഉപയോഗിക്കേണ്ടത് എന്നത് ഇന്നും ദുരൂഹമായി തുടരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ക്ലോക്ക് മേക്കർ പൂവൻ കോഴിയുടെ കൂവൽ അലാറം ക്ലോക്കിൽ പകർത്തുവാൻ ശ്രമിച്ചു. പക്ഷേ അഞ്ച് സ്വരങ്ങൾ ഉപയോഗിച്ച് “കോക്ക്-എ-ഡൂഡിൽ-ഡൂ” ആവർത്തിക്കുവാൻ ഏറെ ബുദ്ധിമുട്ടു ആണ് എന്ന് കണ്ടപ്പോൾ കോഴിക്ക് പകരം ഒരു കുയിലിനെ തെരഞ്ഞെടുത്തു എന്നുള്ള ഐതിഹ്യം സത്യമാണോ എന്ന് വ്യക്തമല്ല. കുക്കൂ ക്ലോക്ക് യഥാർത്ഥത്തിൽ എവിടെയാണ് കണ്ടുപിടിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരവും.
ഭാഗം 5
സമയം കടക്കുന്നതറിയാതെ ആഹ്ലാദത്തിൽ മുഴുകിയിരുന്ന ഞങ്ങൾ ഓർമ്മകൾ നിറഞ്ഞ ഹൃദയവുമായി സന്ധ്യയോടെ സൂറിച്ചിലേക്ക് ഉള്ള മടക്കയാത്ര ആരംഭിച്ചു. യാത്രയിലുടനീളം ഒഴുകിക്കൊണ്ടിരുന്ന “ആകാശവാണി തൃശൂർ നിലയ”ത്തിൻ്റെ ചലച്ചിത്രഗാനശകലങ്ങൾ, നാടൻ പാട്ടിന്റെ ശീലുകൾ, കവിതാശകലങ്ങൾ തുടങ്ങിയവ ശ്രോതാക്കളെ ഏറെ രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഗാംഭീര്യമേറിയ പുരുഷശബ്ദം ഒരുപടി മുൻപിൽ നിന്ന് പാടി തകർത്തു എങ്കിലും ഒപ്പം നിൽക്കുവാൻ സ്ത്രീശബ്ദം കൊണ്ടുപിടിച്ചു ശ്രമിക്കുകയുണ്ടായി. “തൃശൂർ ആകാശവാണി നിലയം” അടച്ചപ്പോൾ നുഴഞ്ഞുകയറിയ
നിശബ്ദതയെ മറ്റൊരു നിലയത്തിൽ നിന്ന് വന്ന ദേശഭക്തി ഗാനങ്ങൾ പെട്ടെന്ന് തന്നെ പുറത്താക്കി. രചയിതാവ് തന്നെ ആലപിച്ച “ജന്മപാപം” എന്ന കവിതയുടെ വരികൾ ഹൃദയത്തിൽ ഒരു നുറുങ്ങു നൊമ്പരം അവശേഷിപ്പിച്ചത് എന്നിൽ മാത്രമോ എന്നറിയില്ല.
അതിനിടക്ക് രുചിയേറിയ നാലുമണി പലഹാരങ്ങളുടെ വരവായി. കോച്ചിലേക്ക് കയറുന്നതിനുമുമ്പ് വിതരണം ചെയ്ത ഉണ്ണിയപ്പം ആർക്കൊക്കെയോ കിട്ടാഞ്ഞതിലുള്ള പരിഭവം വാഹനത്തിനുള്ളിൽ വച്ച് റഫ്രേഷ്‌മൻറ് ടീമിലുള്ളവർ സൗമ്യമായി ഒതുക്കി തീർത്തു. ഓരോരുത്തരായി കൊണ്ടുതന്ന കേക്ക് കഴിച്ചും സ്നാക്ക്സ് കൊറിച്ചും നീങ്ങിക്കൊണ്ടിരുന്നപ്പോൾ മുകളിലത്തെ നിലയിലും “ദിവ്യ ജല” വിതരണം ആരംഭിച്ചതു കൗതുകമായി തോന്നി. പിന്നീട് പലഹാരങ്ങൾ കൊണ്ടുവന്ന പുരുഷന്മാരെ പേരുപറഞ്ഞു അനുമോദിച്ചപ്പോൾ സ്ത്രീകളുടെ ഭാഗത്തു നിന്ന് ചെറിയ പൊട്ടലും ചീറ്റലും കേൾക്കുകയുണ്ടായി. മുൻകാലങ്ങളിൽ ഓരോരോ പലഹാരങ്ങൾ രുചികരമായി ഉണ്ടാക്കി കൊണ്ടുവന്നു തന്നിട്ടുള്ള സ്ത്രീകളെ ഒരിക്കൽ പോലും പേരുപറഞ്ഞു അനുമോദിക്കുക ഉണ്ടായിട്ടില്ല എന്ന പരാതി അതിന്റെ മുഖവിലയ്ക്ക് എടുത്തേ പറ്റുകയുള്ളു എന്ന് എനിക്കും തോന്നി.
അപ്രതീക്ഷിതമായാണ് ബസ്സിൽ പരസ്യമായി റെയ്ഡ് നടന്നത്. കൊണ്ടുവന്നിട്ടും ഉപയോഗിക്കാത്ത കുപ്പികൾ ഉള്ളവർ എല്ലാവരും പുറത്തെടുക്കണം എന്ന ആജ്ഞയുമായി പ്രസിഡന്റിന്റെ ഗൺമാൻ എന്ന് പരിചയപ്പെടുത്തിയ ആൾ മുകളിലത്തെ നിലയിൽ കുറച്ചു സമയത്തെയ്ക്കു ഭീതി സൃഷ്ട്ടിച്ചു. പിടിച്ചെടുത്ത രണ്ടുമൂന്നു കുപ്പികളുമായി ഇറങ്ങിപ്പോയ ഗൺമാൻ താമസിയാതെ തന്നെ സ്വർണ നിറത്തിൽ ഉള്ള “ജലം” നിറച്ച ഒരു ഗ്ലാസ്സുമായി സുസ്മേരവദനനായി തിരികെയെത്തി എല്ലാവരുടെയും ഭയം അസ്ഥാനത്താണ് എന്ന് തെളിയിച്ചു.
ഇത്രയൊക്കെ പറഞ്ഞപ്പോൾ ആദ്യഭാഗത്ത് സൂചിപ്പിച്ച എന്റെ മനസ്സിന്റെ സംഘട്ടനം എവിടെ വരെ ആയി എന്ന് പറയാതെ പോകുന്നത് ശരിയല്ലല്ലോ. “ഇവരല്ലേ എഴുത്തുകാർ”, “എന്നെക്കുറിച്ചും എന്തെങ്കിലും ഒക്കെ എഴുതണമേ”, “പോയ്ന്റ്സ് എഴുതിയിടാൻ മറക്കരുതേ ….” “എഴുതിത്തുടങ്ങുമ്പോൾ വിഷയം തന്നെ വരും, പേടിക്കേണ്ട ” എന്നൊക്കെയുള്ള പലവിധ അഭ്യർത്ഥനകളും കമന്റുകളും പ്രോത്സാഹനങ്ങളും പതിവിനു വിപരീതമായി ഇത്തവണ യാത്രയുടെ ആരംഭം മുതലേ കേട്ടുതുടങ്ങിയിരുന്നു. ഭയപ്പെട്ട ഉത്തരവാദിത്യം എന്നിൽ തന്നെ നിക്ഷിപ്തമായി എന്ന് ഏതാണ്ട് തീർച്ചയായപ്പോൾ എന്റെ മനസ്സ് പൂഴ്ത്തി വച്ചിരുന്ന തന്റെ തല പുറത്തേയ്ക്കു കാണിച്ചു. “നിനക്കിതു വരണം, ഞാൻ ആദ്യമേ പറഞ്ഞില്ലായിരുന്നോ ഈ ടൂറിനു പോകണ്ട എന്ന്” തോൽവി സമ്മതിച്ചു ലജ്ജിച്ചു പിൻമാറിയ എന്റെ മനസ്സിന്റെ ഇടതു ഭാഗം എന്നെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ ഇനി ഒരു തിരിച്ചുപോക്കിനു സാധ്യതയില്ല, ധൈര്യപൂർവം നേരിടുക തന്നെ എന്ന് ഉറപ്പിക്കുവാനേ എനിക്ക് സാധിക്കുമായിരുന്നുള്ളൂ.
വിശ്രമം,
കണ്ടെത്തൽ, പ്രകൃതിയുടെ പ്രൗഢിയിൽ മുഴുകിയിരിക്കുന്നതിലുള്ള ലളിതമായ ആനന്ദം എന്നിവയുടെ സമന്വയം പ്രദാനം ചെയ്ത ഈ യാത്രയുടെ നടത്തിപ്പുകാർക്ക് ഓരോരുത്തർക്കും ഏറെ നന്ദി. പഴയതും പുതിയതുമായ സ്നേഹിതർക്കും, പരിചയക്കാർക്കും, സഹയാത്രക്കാർക്കും നന്ദി. നിങ്ങളുടെ കരുതലും സ്നേഹവും മറക്കുകയില്ല.
ദൈവത്തോടും ഇന്ത്യയോടും മാനവരാശിയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഇന്ത്യൻ ദേശീയ ഗാനം ആവേശത്തോടെ ആലപിച്ചു കൊണ്ട് സൂറിച്ചിൽ തിരികെ എത്തുമ്പോഴും അസ്തമയ സൂര്യൻ ഓറഞ്ചിന്റെയും പിങ്ക് നിറത്തിന്റെയും ഷേഡുകളിൽ ആകാശത്തു വർണ്ണ ചിത്രങ്ങൾ വരച്ചു ചേർത്തുകൊണ്ടേയിരുന്നു. ലോകത്തിന്റെ ഏറ്റവും മനോഹരമായ ഒരു കോണിൽ ആഹ്ലാദപൂർവ്വം ചെലവഴിച്ച ഒരു ദിവസത്തിന് അനുയോജ്യമായ ഒരു ശുഭാന്ത്യം.
(അവസാനിച്ചു)
TOUR ALBUM – https://photos.app.goo.gl/2jpbNw7XBtc5hHqM7
അവതാരകയുടെ കഴിഞ്ഞ വർഷത്തെ ടൂറിന്റെ യാത്രാവിവരണം വായിക്കുവാൻ
https://befriends.ch/familytour/one-day-family-tour-2023/