ONE DAY FAMILY TOUR HELD ON-2022 MAY 07 TH

THUN – INTERLAKEN – GRINDELWALD -ZURICH

പുതിയ കാഴ്ച്ചകളും അനുഭവങ്ങളും സമ്മാനിച്ച് പ്രകൃതിയുടെ സൗന്ദര്യങ്ങളെ ആവോളം ആസ്വദിച്ചു ബി ഫ്രണ്ട്‌സ് കുടുംബാംഗങ്ങളും ,അതിഥികളുമായി മെയ് ഏഴിന് നടത്തിയ ഉല്ലാസയാത്ര – യാത്രാവിവരണം തയ്യാറാക്കിയത് ജിജി പ്രിൻസ് .

കോവിഡ് വ്യാപനത്തിന് ശേഷം തിരക്കേറിയ ദിനചര്യകൾക്ക് വിടനൽകി, പ്രധാനമായും വിനോദത്തിനും ആനന്ദത്തിനും കൂടിച്ചേരലിനുമായി സ്വിറ്റസർലണ്ടിലെ മനോഹാരിത ആസ്വദിക്കുവാൻ ഒരു ദിവസത്തേ ആനന്ദകരമായ ഒരു ഉല്ലാസയാത്രക്കാണ് മെയ് ഏഴിന് അവസരമൊരുങ്ങിയത് . സ്വിറ്റസർലണ്ടിലെ കാണാകാഴ്ചകളുടെ വിരുന്നൊരുക്കിയാണ് ഇത്തവണ ടൂർ കോർഡിനേറ്റേഴ്‌സ് ടൂർ ഡേ ഡിസൈൻ ചെയ്തിരുന്നത് ..എല്ലാവര്ക്കും ആഹ്ളാദകരമായ ഒരു ദിനമായിരുന്നു ബി ഫ്രണ്ട്സിൻറെ ഈ വർഷത്തെ ഫാമിലി ടൂർ ..

വളരെ നാളുകൾക്ക് ശേഷം ഉള്ള കൂടിച്ചേരൽ ആയിരുന്നത് കൊണ്ട് എല്ലാവരും വളരെ പ്രതീക്ഷയിലും സന്തോഷത്തിലും ആണ് നേരത്തെ തീരുമാനിച്ചു അറിയിച്ചിരുന്ന പാർക്കിങ്ങിൽ സംഗമിച്ചത്.. അഭിസംബോധനകൾക്കും സ്വല്പം കൊച്ചുവർത്തമാനങ്ങൾക്കും ശേഷം, 7 മണിയോടെ സംഘാടകർ ഓർഗനൈസ് ചെയ്തിരുന്ന ബസിൽ 75 പേർ അവരവരുടെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരയി യാത്ര പ്രാർത്ഥനയോടെ ആരംഭിച്ചു.

സെക്രട്ടറി ശ്രീ ബോബ് തടത്തിൽ സന്നിഹിതരായിരുന്ന എല്ലാവരെയും അഭിസംഭോധന ചെയ്തു. പ്രെസിഡെന്റ് ടോമി തൊണ്ടാംകുഴി നമ്മുടെ സംഘടനയിൽ അംഗത്വം ഇല്ലാതിരുന്നിട്ടും കൂടെ പോരാൻ ആഗ്രഹിച്ചു തയാറായി വന്നവർക്കും, സംഘടനയുടെ എല്ലാമായ അംഗങ്ങൾക്കും ,അപരിചിതത്വത്തിന്റെയോ ,ഭാഷയുടെയോ അതിർവരമ്പുകളില്ലാതെ ടൂറിൽ പങ്കെടുത്ത മറുനാട്ടുകാർക്കും സ്വാഗതമേകി . ടൂർ കോഓർഡിനേറ്റർസ് ആയ ജോസ് പെല്ലിശ്ശേരി ടൂറിനേക്കുറിച്ച് എല്ലാവരെയും ഒന്ന് കൂടി വിശദമായി അറിയിച്ചു.

സ്വിറ്റസർലണ്ടിന്റെ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് ഉള്ള യാത്രയിൽ കാർമേഘങ്ങൾ സൂര്യനെ മറച്ചിരുന്നത് കൊണ്ട്, പുറത്തേക്കുള്ള ആസ്വാദനത്തിന് സ്വല്പം മങ്ങൽ ഏല്പിച്ചു എങ്കിലും ,
ബസിനുള്ളിൽ ആഘോഷം തന്നെ ആയിരുന്നു. ജോഷി വടക്കുമ്പാടനും ജോസ് പുലിക്കോട്ടിലും, ജോർജുകുട്ടി പുത്തൻ കുളവും,റോബിൻ തുരുത്തിപ്പള്ളിയും തങ്ങളുടെ കവിതകളും ഗാനങ്ങളും തമാശകളും കൊണ്ട് യാത്രക്ക് കൊഴുപ്പേകി.

ടൂർ സംഘാടകർ ഓരോരുത്തർക്കും ആയി തയാറാക്കിയിരുന്ന പ്രഭാത ഭക്ഷണവും ചൂട് ചായയും ഏവർക്കും ലഭ്യമാക്കി. ചായ വിതരണത്തിൽ നാട്ടിലെ ട്രെയിൻ യാത്ര ഓർമകളിൽ ഓടിയെത്തി.ഒൻപത് മണിയോടെ തൂൺ തടാകത്തിൻ്റെ സമീപത്ത് എത്തി. അവിടെ കുറെ ഫോട്ടോസ് ഓർമകൾക്ക് കൂട്ടായി ടോമി പാലാട്ടിയും ,ജോർജ് പുത്തൻപുരക്കലും ഒപ്പിയെടുത്ത ശേഷം 9.40 ന് ആരംഭിച്ച കപ്പൽയാത്രയിൽ തടാകത്തിൻ്റെ ഇരുകരകളിലും ഉള്ള ദൃശ്യം നയന മനോഹരം ആയിരുന്നു. കപ്പലിൽ തയാറാക്കിയിരുന്ന മേശക്കു ചുറ്റും 6 പേര് ചേർന്നപ്പോൾ ബാഗിൽ നിന്നും ഒളിഞ്ഞു നോക്കിയ ചീട്ടിനെ പുറത്തെടുത്തു നിരത്തി ഉല്ലാസം തുടരുകയായി. നേരത്തെ വീടുകളിൽ നിന്നും തയാറാക്കി കൊണ്ടുവന്നിരുന്ന പലഹാരങ്ങൾ പലതവണ കറങ്ങി എത്തി. .അങ്ങിനെ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും കേട്ടും പൊട്ടി ചിരിച്ചും 12 മണിയോടെ ഇൻ്റർലാക്കനിൽ എത്തി.

തൂനിൽ ഞങ്ങളെ ഇറക്കിവിട്ട് ഇൻ്റർലാക്കനിൽ കാണാം എന്ന് പറഞ്ഞു പോയ ബസ്സ് കാത്തു നിൽപായി പിന്നെ. . അവിടെയുള്ള നീളമുള്ള ബഞ്ച്കൾ കണ്ടപ്പോൾ ഭീഷ്മ പർവ്വം സിനിമ ദൃശ്യവത്കരിക്കാനായി മോഹം. അപ്പോ പിന്നെ ചാംബിക്കോ പറഞ്ഞു വീഡിയോയുമെടുത്ത് ബസ്സിലേക്ക് ആയി നടപ്പ്.

എല്ലാവരും ഉണ്ടോന്ന് നോക്കിയപ്പോ സീറ്റ് മാറിയത് കൊണ്ട് മിസ്സ് ആയി എന്ന് തെറ്റിദ്ധരിച്ച സംഘാടകർക്ക് അവർ ഉണ്ടോ എന്ന് അനൗൺസ് ചെയ്യേണ്ടി വന്നു എങ്കിലും ബസ്സ് യാത്രയായി ഗ്രിൻഡൽവാൾഡ് ലേക്ക്.

ഉച്ചഭക്ഷണത്തിനു ആയി ടൂർ കോഓർഡിനേറ്റർ ജിമ്മി ശാസ്താംകുന്നേലിൻ്റേ പരിചയത്തിൽ ഉള്ള Restaurant Babi yil എത്തിയപ്പോൾ കിട്ടിയ സ്വീകരണം ഹൃദയ സ്പർശിയായിരുന്നു. ഹോട്ടൽ ഉടമയായ യുവതി ഉച്ചത്തിൽ നിങ്ങൾ ഹാപ്പി ആണോ, നിങ്ങൾക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചു, സ്വാഗതം ചെയ്യുക ആയിരുന്നു.
2. main course ഭക്ഷണത്തിന് ശേഷം ആൽപ് ഹോൺ എന്ന് മുസിക് ഉപകരണം ഊതിയതും നമുക്ക് try ചെയ്യാൻ തന്നതും ,പരിശ്രമിച്ച പലർക്കും ശബ്ദം കേൾപ്പിക്കാൻ സാധിക്കാതെ വന്നതും വളരെ ആസ്വാദ്യകരമായിരുന്നു.

ഭക്ഷണത്തിന് ശേഷം വീണ്ടും നടക്കാനുള്ള തീരുമാനത്തിന് മുന്നോടിയായി അവിടെ അന്വേഷിച്ചപ്പോ അവിടെ നിന്നും മലമുകളിലേക്ക് ബസിൽ പോയാൽ നടക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും പറ്റിയ സ്ഥലം ഉണ്ടന്ന് അറിഞ്ഞപ്പോ പിന്നെ അതായി അടുത്ത ലക്ഷ്യം .

അവിടെ കിട്ടിയ ആഹ്വാനം അനുസരിച്ച് ഒരു മണിക്കൂർ പല ഗ്രൂപ്കളായി നടന്നു തിരിച്ചെത്തി
സൂര്യനും മലകളുടെ മുകൾ ഭാഗവും മൂടൽ മഞ്ഞിൽ പുതക്കപ്പെട്ടിരുന്നതിനാൽ, പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും തമാശയിലും ചിരിയിലും ആ നികവു നീക്കി.വീണ്ടും എല്ലാവരും കൂടി ടൂർൻ്റേ നല്ല ഓർമക്കായി ഫോട്ടോസും ഒപ്പി തിരികെ യാത്രയായി.

തിരിച്ചുള്ള യാത്രയിൽ ടൂർ നേക്കുറിച്ച് വർഗീസ് എടാട്ടുകാരൻ ,ജെയ്ൻ പന്നാരക്കുന്നേൽ, ജോർജുകുട്ടി പുത്തൻകളം, വിമലശേരി, ബിജു പാറത്തലക്കൽ തുടങ്ങിയവരുടെ യാത്രാ അവലോകനം വളരെ നന്നായിരുന്നു, ആസ്വാദ്യകരമായിരുന്നു എന്നും വീണ്ടും ഒരിക്കൽകൂടി എല്ലാവരെയും കാണാൻ സാധിച്ചതിൽ ഉള്ള സന്തോഷം പങ്കു വെയ്ക്കുന്നു എന്നും അറിയിച്ചു.

പ്രസിഡന്റ് ടോമി തൊണ്ടാംകുഴി ടൂർ ഇത്ര മനോഹരമായി ഓർഗനൈസ് ചെയ്ത ടൂർ കോർഡിനേറ്റേഴ്‌സിനും അവരെ സഹായിച്ച ട്രഷറർ വർഗീസ് പൊന്നാനക്കുന്നേലിനും ,ജോയിന്റ് ട്രഷറർ ബിന്നി വെങ്ങപ്പള്ളിക്കും മറ്റു കമ്മിറ്റി അംഗങ്ങൾക്കും കൂടാതെ യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുകയും സംഘടനയുടെ അടുത്ത പ്രോഗ്രാമുകളെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ഭാഗഭാഗിത്വത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു.ടൂർ കോഓർഡിനേറ്റർ ജോ പത്തുപറയിൽ യാത്രയിലുടെനീളം ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു ടൂറിനെ ആഘോഷമമാക്കിയവർക്കും ,മധുരപലഹാരങ്ങൾ തയാറാക്കി വിതരണം ചെയ്തവർക്കും ,ടൂറിൽ ആക്റ്റീവ് ആയി പങ്കെടുത്ത വനിതാ അംഗങ്ങൾക്കും ,കുട്ടികൾക്കും കൂടാതെ ടൂറിലെ നല്ലമുഹൂർത്തങ്ങൾ കാമറയിൽ ഒപ്പിയെടുത്ത ടോമി പാലാട്ടിക്കും ,ജോർജ് പുത്തൻപുരക്കലിലിനും ..യാതൊരു വിധകുഴപ്പങ്ങളുമില്ലാതെ സുഖകരമായ യാത്രയൊരുക്കി യൂറോബസിനു വളയംപിടിച്ച ജോനിക്കും നന്ദി അറിയിച്ചു .

തിരിച്ചുള്ള യാത്രയിൽ ഇടക്ക് ഒരു കോഫീ ബ്രേക്കിന് ശേഷം 8 മണിയോടെ തുടക്കം കുറിച്ച പാർക്കിങ്ങിൽ തിരിച്ചെത്തി യാത്ര പറഞ്ഞു എല്ലാവരും നല്ല ഒരു ദിവസത്തിൻ്റെ, നല്ല ഓർമ്മകളുടെ നിറഞ്ഞ മനസുമായി അവരവരുടെ ഭവനങ്ങളിലേക്ക് യാത്രയായി.

ഇത്രയും ആസ്വാദ്യകരമായ ടൂർ ഓർഗനൈസ് ചെയ്ത ശ്രീ ജോസ് പെല്ലിശേി, ജിമ്മി ശാസ്താംകുന്നേൽ, ജോമോൻ പത്തുപറ എന്നിവർക്ക് ടൂറിൽ പങ്കെടുത്തവർ നൽകിയ അകമഴിഞ്ഞ നന്ദി പ്രചോദനമേകി . .

യാത്രാവിവരണം തയാറാക്കിയത് -ജിജി പ്രിൻസ്

ബി ഫ്രണ്ട്‌സ് വിനോദയാത്രയിൽ അതിഥിയായെത്തിയ റീത്ത വിമലശേരിയുടെ കുറിപ്പ് നന്ദി വളരെ നന്ദി....

തീരെ അപ്രതീക്ഷിതമായിട്ട് ആണ് one day tour 2022 ലേക്കുള്ള ക്ഷണം Be Friends ൻ്റെ പ്രസിഡൻ്റ് ടോമി തൊണ്ടാംകുഴിയിൽ നിന്ന് കിട്ടുന്നത്. അതുകൊണ്ടു തന്നെ ഏറെ സന്തോഷം തോന്നി.

ബി ഫ്രണ്ട്‌സ് ഒരു വലിയ സംഘടന ആണെന്ന് അറിയാവുന്നതുകൊണ്ടു താരതമ്യേന വലിയ ഒരു ഗ്രുപ്പ് ആയിരിക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കുക എന്ന് ന്യായമായി ഊഹിച്ചു. എങ്കിലും, ധാരാളം വനിതാ മെമ്പർമാർ വരുന്നുണ്ട്, അതുകൊണ്ടു ഒറ്റപ്പെടും എന്ന പേടി വേണ്ട എന്ന് ടോമി നൽകിയ ഉറപ്പിൻ്റെയും, ഞാൻ അറിയുന്ന രണ്ടു പേർ തീർച്ചയായും വരും എന്നുള്ള എന്റെ അമിതമായ ആത്‌മവിശ്വാസ ത്തിൻ്റെയും ബലത്തിൽ ക്ഷണം സ്വീകരിക്കുവാൻ തന്നെ തീരുമാനിച്ചു. അന്നേ ദിവസം മറ്റു പ്രോഗ്രാം ഒന്നും പ്ലാൻ ചെയ്തിരുന്നില്ല എന്നതിനാലും, BF ഫാമിലി ടൂറിലേക്ക് ആദ്യമായി കിട്ടുന്ന ക്ഷണം ആയതു കൊണ്ടും അത് നിരസിക്കുവാൻ മനസ്സ് വന്നില്ല എന്നത് മറ്റൊരു സത്യം.

ആദ്യമായി പങ്കെടുക്കുന്നത് അല്ലെ അതിനാൽ കൃത്യനിഷ്ട പാലിക്കുവാൻ തന്നെ തീരുമാനിച്ചു കിടന്നു. പക്ഷെ ആദ്യത്തെ അലാറം രാവിലെ നാലേ മുക്കാലിന് നല്ല ഉറക്കത്തിൽ നിന്ന് എന്നെ വിളിച്ചുണർത്തിയപ്പോൾ ഒന്ന് കൂടെ തിരിഞ്ഞു കിടക്കുവാൻ ആണ് തോന്നിയത്. എങ്കിലും ഭർത്താവ് set ചെയ്തിരുന്ന രണ്ടാമത്തെ അലാറം 10 മിനിറ്റിനകം കിടക്കയിൽ നിന്ന് ചാടി എണീക്കുവാൻ എന്നെ നിര്ബന്ധിതയാക്കി. തലേദിവസം തന്നെ ഡ്രസ്സ് എല്ലാം തയ്യാർ ആക്കിവച്ചിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ റെഡി ആയി. ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കുവാൻ കഷ്ട്ടിച്ചു സമയം കിട്ടി എന്ന് പറയാം. എന്നെക്കാൾ സമയനിഷ്ട പാലിക്കുന്നതിൽ ശ്രദ്ധാലുവായ എന്റെ ഭർത്താവ് അപ്പോഴേയ്ക് കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞതുകൊണ്ടു കൂടെ കൂടുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു. വഴിയിൽ ട്രാഫിക് തീരെ കുറവായിരുന്നതിനാൽ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ, കൃത്യമായി പറഞ്ഞാൽ 6.02 ആയപ്പോഴേയ്‌ക്കു, ഞങ്ങൾ പറഞ്ഞ അഡ്രസ്സിൽ എത്തി.

“സംഘാടകൾ ഇപ്പോൾ ഉണർന്നിട്ടു പോലും ഉണ്ടാകുകയില്ല” എന്ന് (ഭർത്താവ് കേൾക്കത്തക്ക ഒച്ചയിൽ) മുറുമുറുത്തു എന്റെ ഉറക്കം നഷ്ട്ടപ്പെടുത്തിയതിന്റെ പ്രതിഷേധം ആദ്യമേ തന്നെ ഞാൻരേഖപ്പെടുത്തി. പറഞ്ഞ അഡ്രസ്സിൽ പാർക്കിങ്ങിന് പറ്റിയ സ്ഥലം കാണാഞ്ഞത് കൊണ്ട് അതന്വേഷിക്കുന്ന തിരക്കിൽ ആയിരുന്നതിനാൽ കൂടുതൽ (കാര്യമായ) കശപിശ ഉണ്ടായില്ല, ബോറടിച്ചു ഇരിക്കേണ്ടിയും വന്നില്ല. തന്നിരുന്ന അഡ്രസ്സുമായി ഒരുമാതിരി സാമ്യം തോന്നിയ ഒരു പാർക്കിംഗ് ഫെസിലിറ്റി കണ്ടപ്പോൾ അവിടെ തന്നെ കയറി കാർ പാർക്ക് ചെയ്ത ശേഷം, ഏതെങ്കിലും ഇന്ത്യക്കാരുടെ തലവെട്ടം കാണണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുമ്പോൾ ഒരു കാർ വന്നു. അത് പോരാ രണ്ടു മൂന്നു കാറുകൾ എങ്കിലും വന്നാലേ വിശ്വാസം ആകൂ എന്ന് വാശി പിടിച്ച മനസ്സ് സമാധാനത്തിൽ ആയതു പല കാറുകളിൽ നിന്ന് നമ്മുടെ നാട്ടുകാർ ഇറങ്ങിവരുന്നത് കണ്ടപ്പോൾ ആണ്. ആ സമയം മുതൽ കണ്ടുമുട്ടിയവരിൽ നല്ല ഒരു പങ്കും ഇതിന് മുൻപ് കണ്ടിട്ടുള്ളവർ അല്ലായിരുന്നു എങ്കിലും ആദ്യനിമിഷം മുതൽ അവരിൽ നിന്ന് പോലും ഞങ്ങൾക്ക് കിട്ടിയ സ്വീകാര്യതയും സ്നേഹവും സൗഹാർദവും “ബി ഫ്രണ്ട്‌സ് ” എന്ന സംഘടനയുടെ പേരു എറ്റവും അർഥപൂർണം ആക്കി. വരുമെന്നു പ്രതീക്ഷിച്ചിരുന്നവരുടെ അഭാവം ഉളവാക്കിയ ഇച്ഛാഭംഗം വന്നവരുടെ ഊഷ്മളമായ ഈ സ്നേഹത്തിന്റെയും സൗഹാർദത്തിൻ്റെയും ചൂടിൽ ഉരുകിയൊലിച്ചു,

മൂടലുള്ള പ്രഭാതം ആയിരുന്നു എങ്കിലും “മേഘാവൃതമായ പ്രഭാതം നീല-ചാര നിറത്തിനും മധുരമഴയുടെ മൃദുവായ വാഗ്ദാനത്തിനുമിടയിലുള്ള പ്രകാശത്തിന്റെ അച്ചുതണ്ടുകളാണ്.” എന്ന് എവിടെയോ വായിച്ച ഓർമ്മ ശുഭപ്രതീക്ഷ പകർന്നു. മൂടൽമഞ്ഞ് പുതച്ചു നിൽക്കുന്ന പ്രകൃതിയുടെ സൗന്ദര്യവും സംഘാടകർ നൽകിയ പ്രഭാതഭക്ഷണത്തിൻ്റെ രുചിയും,സഹയാത്രികരുടെ സൗഹൃദവും ആസ്വദിച്ചു ബേർണിസ്ഓബെർലാൻ്റിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന തുണിലെ ബോട്ട് ജെട്ടിയിൽ എത്തിച്ചേർന്നത് വളരെ പെട്ടെന്ന് ആണെന്ന് തോന്നിപ്പോയി.

തുൺ തടാകത്തിൽ നിന്നു പുറപ്പെടുന്ന “ആരെ” നദിയുടെ ഉത്ഭവസ്ഥാനത്തു സ്ഥിതി ചെയ്യുന്ന തുൺ പട്ടണം ഉണർന്നു വരുന്നതേ ഉള്ളായിരുന്നു.
പ്രശാന്തമായ തടാകത്തിൻ്റെ പ്രഭാതസൗന്ദര്യം ഏറെ ആകർഷകം ആയി തോന്നി. തടാകത്തിലെയും ഇരുകരകളിലെയും ശാന്തവും നയനമനോഹരവും ആയ കാഴ്ചകൾ വീക്ഷിച്ചുകൊണ്ട് നടത്തിയബോട്ടു യാത്രക്കിടയിൽ ഞങ്ങളോട് പരിചയം പുതുക്കുവാനും പുതുതായി പരിചയപ്പെടുവാനും പലരും കാണിച്ച സന്മനസ്സ് ഞങ്ങൾക്ക് മറക്കുവാൻ സാധിക്കുകയില്ല.

ബെർണീസ് ഒബെർലാൻഡിന്റെ ഹൃദയഭാഗമായ ഇന്റർലാക്കനിൽ വച്ച് നടത്തിയ “chambikko” ഷൂട്ടിംഗ് ഞങ്ങൾക്ക് ഒരു പുതിയ അനുഭവം ആയിരുന്നു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

Jungfrau മേഖലയുടെ ഒരു ജനപ്രിയ ഗേറ്റ്‌വേ ആയ, “ഗ്ലേസിയർ വില്ലേജ്” എന്നറിയപ്പെടുന്ന ഗ്രിൻഡൽവാൾടിൽ ഏർപ്പാട് ചെയ്തിരുന്ന
ഉച്ചഭക്ഷണവും, മേഘാവൃതമായ ആകാശത്തിന് കീഴെ പർവ്വതവായു ആസ്വദിച്ചു ഗ്രിൻഡൽവാൾഡിലൂടെ
നടത്തിയ കാൽനട യാത്രയും മനസ്സിൽ തങ്ങി നിൽക്കുന്ന അനുഭവങ്ങൾ ആയി മാറി. കടന്നു പോകുന്ന വഴിയിലെ കായലുകളും, മലകളും അടങ്ങിയ മനോഹരമായ പ്രകൃതിഭംഗി കണ്ണിനുകുളിർമയേകിയപ്പോൾ, യാത്രയിൽ ഉടനീളം ലഭിച്ച സൽക്കാരം , ഉച്ചഭക്ഷണത്തിനു ശേഷം റെസ്റ്റോറൻ്റിൽ വച്ച് നടന്ന Alphorn പ്രകടനങ്ങൾ,
യാത്രയ്ക്കിടയിലെ ഹാസ്യസംഗീത ആലാപനങ്ങൾ, അന്താക്ഷരി കളി, സരസസംഭാഷണങ്ങൾ, തമാശകൾ പൊട്ടിച്ചിരികൾ, ഒക്കെ മനസ്സിനും ശരീരത്തിനും ഉണർവ് നൽകി.

ഈ ടൂറിന്റെ സംഘാടകരും അവർക്കു സപ്പോർട്ട് നൽകിയ മറ്റു ഓരോരുത്തരും അങ്ങേ അറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന അനുഭവങ്ങൾസമ്മാനിച്ചതിനു ബി ഫ്രണ്ട് അംഗങ്ങൾ ഓരോരുത്തർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ��
.