വിസ്മയമായി ഗന്ധര്‍വന്‍..
സമയം..സന്ധ്യയോടടുത്തിരുന്നു…സായാഹ്ന സൂര്യന്‍ ചന്ദ്രനെ വരവേല്‍ക്കുന്നതിനായി ചായം ചാലിച്ച് കാത്തിരുന്നു…. മലയാളികള്‍ ഒന്നടംഗം ക്ഷമയോടെ കാത്തിരുന്ന നിമിഷങ്ങള്‍… ഒടുവില്‍ സൂറിച്ചില്‍ കുളിര്‍മഴ പെയ്യിച്ച് ഗാനഗന്ധര്‍വന്റെ സ്വരമാധുരി ഒഴുകിയെത്തിയപ്പോള്‍ പ്രകൃതി പോലും ഒരുനിമിഷം അന്തിച്ചുനിന്നു. മലയാളികളുടെ മൂന്നുതലമുറകള്‍ക്ക് ശുദ്ധ സംഗീതംകൊണ്ട് വിരുന്നൊരുക്കിയ യേശുദാസും കൂടെ മലയാളിയുടെ വാനമ്പാടി ചിത്രയും ,വിജയ് യേശുദാസും കൂടി സൂറിച്ചില്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീതവിരുന്ന് അവിസ്മരണീയമായി.
ദൈവിക വരദാനമായ കണ്ഠത്തില്‍ നിന്നു ഇടയകന്യകേ പോരുക നീ… ഈ ഗാനം ഒഴുകിയെത്തിയപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന നൂറു കണക്കിന് മലയാളികള്‍ക്ക് അതു സായൂജ്യത്തിന്റെ നിമിഷങ്ങളായി… ബി ഫ്രിഎണ്ട്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹൃദയ രാഗം ഷോ മലയാളി സമൂഹത്തിന് വേറിട്ട അനുഭൂതിയായി. താരനിശകളുടെ പൊങ്ങച്ചം കണ്ടു മനസു മടുത്ത മലയാളി സമൂഹത്തിന് ലഭിച്ച പുതിയ വരദാനമയി ഷോ മാറി . ഇതു ബി ഫ്രണ്ട്സിനു കൂടി അഭിമാനം പകര്‍ന്ന നിമിഷങ്ങളായി. ഒപ്പം ഗന്ധര്‍വ സ്വരമാധുരിയുടെ ഭാഗമാകാനുള്ള ഓരോ മലയാളിയുടെ കാമന കൂടി പൂരിതമായ ദിനവുമായി.
മലയാളിയുടെ ചുണ്ടില്‍ എന്നും മൂളിപ്പാട്ടായി ഓടിയെത്തുന്ന മെലഡികള്‍ ഒന്നൊന്നായി തന്റെ പ്രിയപ്പെട്ടവര്‍ക്കായി സംഗീതചക്രവര്‍ത്തിയും ചിത്രയും കൂടി ആലപിക്കുകയായിരുന്നു. സദസിനെ തന്റെ സംഗീത വഴികളിലൂടെ ഒരു തീര്‍ഥാടനംപോലെ ആനയിച്ച ദാസേട്ടന്‍ മലയാളികള്‍ എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകള്‍ പാടി. സൌത്ത് ഇന്ത്യയുടെ ചിന്നകുയില്‍ ചിത്ര നന്ദനം എന്ന ഒറ്റ ചിത്രത്തിലെ ഗാനാലാപനത്തോടെ സദസ്സിനെ ഒന്നടംഗം സംഗീത ആസ്വധനത്തിന്റെ പരകോടിയില്‍ എത്തിച്ചു. യുവ നിരയിലെ മുന്നിട്ട ഗായകനായ വിജയ് യേശുദാസ് ഹാളില്‍ മതിമറന്നു പാടുകയായിരുന്നു .രാജ്യ സ്നേഹത്തിന്റെയും ,ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലിലെ ഇന്ത്യയുടെ വിജയത്തിന്റെയും ആഹ്ലാദം സദസ്സിലേക്ക് എത്തിക്കുവാനും ഗാനത്തിലൂടെ വിജയ്‌ക്ക് സാധിച്ചു.
ദൈവം കനിഞ്ഞു നല്‍കിയ സംഗീതസിദ്ധിക്ക് മുന്നില്‍ മലയാളികള്‍ നിശബ്ദം കാതോര്‍ത്തിരുന്നു. താളം പിടിച്ചും ഒപ്പം പാടിയും ഹൃദയം നിറയെ ആസ്വദിച്ചു. സ്‌നേഹഗായകനുള്ള സമ്മാനംപോലെ. ഇടയ്ക്ക് ഈശ്വരാനഗ്രഹത്തെക്കുറിച്ചുള്ളസാക്ഷ്യം.
സംഗീതത്തത്തിന്റെ മറുകരയില്‍ എത്തിയിട്ടും ആ വാക്കുകള്‍ക്ക് വിനയത്തിന്റെയും മലയാളികളോടുള്ള സ്‌നേഹത്തിന്റെയും പൂര്‍ണിമ. മലയാളിയുടെ സംഗീത സങ്കല്‍പങ്ങള്‍ക്ക് സ്വരങ്ങള്‍ക്കൊണ്ട് ജീവന്‍ നല്‍കിയ ഗാനഗന്ധര്‍വന്‍ ഓരോ പാട്ടുപാടുമ്പോഴും സദസ് ഒന്നടങ്കം കൈയടിക്കുകയായിരുന്നു.
ഗാനമേളയുടെ മുന്നോടിയായി നടന്ന ഓപ്പണിംഗ് പ്രോഗ്രാമ്മില്‍ വെച്ച് ബി ഫ്രണ്ട്സ രൂപം കൊടുത്ത യൂത്ത് ഫോറത്തിന്റെ ഉല്‍ക്കാടനം ദാസെട്ടന്റെയും ,ചിത്രയുടെയും മഹനീയ സന്നിത്ത്യത്തില്‍ ശ്രീ വിജയ് യേശുദാസ് ഭദ്ര ദീപം കൊളുത്തി നിര്‍വഹിച്ചു .കാലവും അവസ്ഥയും ലോകരും – സംസ്കാരവും തമ്മിലുള്ള വിത്യാസത്തിലും വര്‍ത്തമാനകാലത്തിന്റെ വാക്തക്കളായി യുവജനശക്തിയെ ഭാരതീയ പൈതൃകത്തിലും മൂല്യങ്ങളിലും അടിയുറച്ചു കളിയും വിനോദവും വിജ്ഞാനവും സമ്മേളിക്കുന്ന ഒരു വിശലവേദി സങ്കടിപ്പിക്കുകയാണ് ഈ യൂത്ത് ഫോറത്തിലൂടെ ബി ഫ്രണ്ട് ലക്ഷ്യമിടുന്നത് .
പതിവ് പോലെ ഇടയ കന്യകേ….. എന്ന ഭക്തിഗാനത്തോടെ തുടക്കം. പിന്നെ, വ്യത്യസ്ത പുഷ്പങ്ങള്‍ക്കൊണ്ട് കോര്‍ത്ത രാഗമാലികപോലെ സംഗീതത്തിന്റെ നാനാവഴികളിലൂടെ ശ്രോതാക്കെളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊച്ചു കുട്ടികളെപ്പോലെ സദസ് ഒന്നടങ്കം ഒപ്പം നടന്നു.മെലഡി, അടിപൊളി അങ്ങനെ എല്ലാം, താരാട്ടും പ്രണയവും ഭക്തിയും വിരഹവും ദുഖവും സംഗീതമായി സൂറിച്ചില്‍ പെയ്തിറങ്ങി. യേശുദാസിന്റെ അടുത്തയിടെ നടന്ന ഗാനമേളകളില്‍ മികച്ചതായിരുന്നു സൂറിച്ചില്‍ നടന്നത്. ശ്രോതാക്കള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ ഇടക്കിടെ പാടിയും അദ്ദേഹം ശ്രോതാക്കള്‍ക്ക് വിരുന്നൊരുക്കി.സമാധാനത്തിന്റെ സന്ദേശം നല്‍കിയാണ് അദ്ദേഹം വേദി വിട്ടത്. നാലര മണിക്കൂര്‍ പോയതറിയാതെ ഹാളിലെ തിങ്ങിനിറഞ്ഞ ശ്രോതാക്കള്‍ പുറത്തിറങ്ങി.
ഗാനമേളക്ക് ശേഷം ആശംസകളുമായി എത്തിയവര്‍ക്കൊപ്പം നിന്ന് കുശലം പറയാനും ഫോട്ടോക്കും വരെ അദ്ദേഹവും ചിത്രയും തയാറായി. തുടക്കത്തില്‍ ഗാനഗന്ധര്‍വന്‍,ചിത്ര , വിജയ് യേശുദാസ്, എന്നിവര്‍ ഹാളിലേക്ക് എത്തിയതോടെ ഗാനന്ധര്‍വനെ കാത്തിരുന്ന ജനം ആര്‍പ്പുവിളിച്ചു സ്വീകരിച്ചു.