കഴിഞ്ഞ മാർച്ച് ഇരുപത്തിയൊമ്പതാം തിയതി ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ഫാമിലി ടൂറിലെ യാത്രികയായിരുന്ന ശ്രീമതി റീത്ത വിമലശേരിയുടെ യാത്രാവിവരണക്കുറിപ്പ് .
.
ജർമനിയിലെ ഹെയ്ഡൽബെർഗിലേക്കു ഒരു വൺ ഡേ ടൂർ - 29 .03 .2025
ജർമനിയിലെ ഹെയ്ഡൽബെർഗിലേക്കു ഒരു വൺ ഡേ ടൂർ – 29 .03 .2025
അതൊരു നനഞ്ഞ പ്രഭാതം ആയിരുന്നു. ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് മെല്ലെ മെല്ലെ ഉണർന്നു വരുന്ന ജീവജാലങ്ങൾ … മൂടൽമഞ്ഞിന്റെ നേരിയ ആവരണത്തിൽ പൊതിഞ്ഞു നിശബ്ദയായി നിൽക്കുന്ന പ്രകൃതി … മാറുന്ന ഋതുക്കളുടെയും ആസന്നമായ വസന്തത്തിന്റെയും ഓർമ്മപ്പെടുത്തലായി ചിന്നം പിന്നം പെയ്യുന്ന ചാറ്റൽമഴ … ജീവിതത്തിന്റെ നേരിയ മൂളലുകൾ പോലെ … .നിശബ്ദമായ തെരുവുകളിലൂടെ മീറ്റിങ്ങ് പോയിന്റ് ലക്ഷ്യമാക്കി ശാന്തമായി ഞങ്ങൾ നീങ്ങി.
വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലത്തു എത്തിച്ചേർന്നപ്പോൾ അവിടെ ചെറുമഴയിൽ നൃത്തം ചവിട്ടി നില്ക്കുന്ന വിവിധ നിറത്തിലും തരത്തിലുമുള്ള കുടകൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അത് സഹയാത്രികരുടേതു ആണെന്ന് മനസ്സിലായതിനാൽ കാർ ഒരു മരത്തിനു താഴെ പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ അവരെ ലക്ഷ്യമാക്കി നടന്നു. അപ്പോൾ ഈർപ്പമുള്ള തണുത്ത വായു മനസ്സിലും ശരീരത്തിലും ഒരു നവോന്മേഷം ഉളവാക്കി. കുടയുടെ മുകളിൽ മഴത്തുള്ളികൾ താളം ചവിട്ടുന്ന മേളം ആസ്വദിക്കുന്നതിനിടക്കും കുശലങ്ങൾ കൈമാറുന്നതിലും, പരിചയങ്ങൾ പുതുക്കുന്നതിലും ഏവരും ശ്രദ്ധാലുക്കൾ ആയി. വർണ്ണശഭളമായ ആ കുടകളുടെ മധ്യത്തിലേയ്ക്ക് പൊടുന്നനവെ കടന്നു വന്ന കറുത്ത കാലൻ കുട എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് വളരെ പെട്ടെന്ന് ആയിരുന്നു. ഈ വൺ ഡേ ട്രിപ്പിന് വേണ്ടി പുതിയതായി വാങ്ങിയതാണ് എന്നു മാത്രമല്ല, അതിനു തെളിവായി ഉള്ള പ്രൈസ് റ്റാഗ് സഹിതം ആയിരുന്നു ആ വമ്പന്റെ രംഗപ്രവേശനം എന്നതു ചിരി പടർത്തുകയുണ്ടായി. യാത്ര തുടരുവാനുള്ള ഇരുനില കോച്ച് എത്തിച്ചേർന്നപ്പോഴേയ്ക്കും മഴയിലും തണുപ്പിലും വിറങ്ങലിച്ചു നിന്നതിന്റെ അസ്വസ്ഥത ഒരു ഓർമ്മ മാത്രമായി മാറിക്കഴിഞ്ഞിരുന്നു.
കന്റോൺ സൂറിച്ചിൽ നിന്നും, കന്റോൺ ആർഗാവ് വഴി അടുത്ത സ്റ്റോപ്പ് ആയ ബാസൽ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. സൂര്യപ്രകാശമില്ലെങ്കിലും, മേഘാവൃതമായ ആകാശം ചുറ്റുപാടുകൾക്ക് ഒരു നാടകീയ സ്പർശം നൽകികൊണ്ടിരുന്നു. വസന്തത്തിന്റെ ഉണർവിന് മുമ്പുള്ള പ്രകൃതിയുടെ നീണ്ടുനിൽക്കുന്ന നിശ്ചലത ഒരു അപൂർവമായ അനുഭൂതി ആണ് പകർന്നു നൽകിയത്. ജനാലയുടെ ചില്ലിലൂടെ മത്സരിച്ചു പെയ്തിറങ്ങിക്കൊണ്ടിരുന്ന മഴത്തുള്ളികളുടെ നേരിയ ശബ്ദം മൃദുവായ മന്ത്രിക്കൽ പോലെ കർണ്ണങ്ങളിൽ പതിച്ചുകൊണ്ടിരുന്നു. അതിന്റെ പരിവർത്തന ഘട്ടത്തിൽ വിശ്രമിക്കുന്ന പ്രകൃതി അപ്പോഴും ശൈത്യകാലത്തിന്റെ അവശിഷ്ടങ്ങൾ കൈവിടാതെ മുറുകെ പിടിച്ചിരുന്നു. നഗ്നമായ മരങ്ങളുടെ തവിട്ടുനിറവും വിരളമായ പൈൻ മരങ്ങളുടെ പച്ചപ്പും ഭൂപ്രകൃതിക്ക് ഒരു നിഗൂഢമായ വശ്യത നൽകി. താഴ്ന്നു തൂങ്ങിക്കിടന്ന കാർമേഘങ്ങൾ തലയുയർത്തി നിൽക്കുന്ന കുന്നുകളെ ആലിംഗനം ചെയ്തപ്പോൾ ചക്രവാളത്തിന്റെ അരികുകളുടെ ശോഭ അല്പം മങ്ങിയോ എന്ന് തോന്നാതിരുന്നില്ല. വിദൂര പർവ്വതങ്ങൾ മേഘങ്ങളുടെ വിടവുകളിലൂടെ ഒളിച്ചു കളിക്കുന്നതും, പ്രകൃതി മൃദുവായ വെള്ളി ചാരം എന്നീ നിറങ്ങളിൽ മുങ്ങിക്കുളിക്കുന്നതും നയനമനോഹരമായ കാഴ്ചകൾ തന്നെ ആയിരുന്നു. ഒരു ശാന്തമായ സൗന്ദര്യം ഈ യാത്രയിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നതു പോലെ തോന്നി.
ഏവരെയും സ്വാഗതം ചെയ്ത ശേഷം അന്നത്തെ പ്രോഗ്രാമിനെക്കുറിച്ചുള്ള വിശദാംശങ്ങൾ സംഘാടകർ നൽകി. പ്രാർത്ഥനാഗാനത്തോടെ പരിപാടികൾ ആരംഭിക്കുവാൻ തീരുമാനവുമായി. എന്നാൽ പതിവിനു വിപരീതമായി, പരിശുദ്ധാല്മാവിനെ ഇടപെടുത്താതെ ദൈവത്തോടു നേരിട്ട് സഹായം അഭ്യർത്ഥിക്കുവാൻ ആണ് ഗായകസംഘം ഇത്തവണ തീരുമാനിച്ചത് എന്നാണു മനസ്സിലായത്. പുറത്തെ തണുപ്പ് ക്രമേണ ബസിനുള്ളിലെ അന്തരീക്ഷത്തിലേക്ക് ഒഴുകിയിറങ്ങിയത് പോലെ തോന്നി. ചിന്തകളിൽ മുഴുകിയും, നഷ്ട്ടപ്പെട്ട ഉറക്കം തിരിച്ചുപിടിച്ചും, പ്രകൃതി ഭംഗി ആസ്വദിച്ചും ഒക്കെയുള്ള സഹയാത്രകരുടെ ഇരിപ്പു മാനസികാവസ്ഥയ്ക്കു അനുയോജ്യമായ ഊഷ്മളതയുടെ വരവിനായി ഉള്ള കാത്തിരിപ്പാണ് എന്ന തോന്നൽ ആണ് സൃഷ്ടിച്ചത്. കോച്ചിനുള്ളിലെ സജീവമായ ഇടപെടലുകളും പുറത്തെ നിശബ്ദവും നിർജീവവുമായ പ്രകൃതിദൃശ്യങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമായിരുന്നു. പ്രകൃതിയുടെയും ആളുകളുടെയും സൂക്ഷ്മമായ ഇടപെടലുകളിൽ മുഴുകി, മറ്റുള്ളവരെ മൗനമായി വീക്ഷിക്കുക എന്ന എന്റെ ഇഷ്ട്ടപ്പെട്ട നേരംപോക്കിൽ ഞാൻ മുഴുകി – അവരുടെ മാനസികാവസ്ഥകൾ മാറുന്ന രീതി, അവർ പങ്കിടുന്ന സംഭാഷണങ്ങൾ, അവരുടെ വ്യക്തിത്വങ്ങൾ വെളിപ്പെടുത്തുന്ന ചെറിയ ആംഗ്യങ്ങൾ ഒക്കെ ഏറെ കൗതുകകരം തന്നെ.
അവതാരികയും ഭർത്താവ് ജോർജ് വിമലശേരിയും
ഇതിനിടക്ക് സഹയാത്രക്കാരെ ചൂട് പിടിപ്പിക്കുവാനായി ഗായകരിൽ ചിലർ കൊണ്ടുപിടിച്ചു പരിശ്രമിച്ചെങ്കിലും നനഞ്ഞു കിടക്കുന്ന കരിയിലയ്ക്ക് തീ കൊളുത്തുവാൻ ശ്രമിക്കുന്നത് പോലെ പ്രയാസം നിറഞ്ഞ ഒരു ശ്രമം ആയിരുന്നു അത്. എന്നാൽ അതുകൊണ്ടു നിരാശരാകാതെ അടുത്തതായി അന്ധാക്ഷരിക്കു തുടക്കമിട്ടു. ദൗർഭാഗ്യവശാൽ അനുഗ്രഹീതനായ ഗായകർ അടങ്ങിയ ഒരു ടീം കസർത്തുകയറിയപ്പോൾ ഒപ്പം നിൽക്കുവാൻ മറുഭാഗം ഏറെ കഷ്ട്ടപ്പെട്ടു എന്ന് വേണം പറയുവാൻ. എതിരാളികളുടെ സപ്പോർട്ട് കിട്ടിയിട്ടുപോലും പിടിച്ചുനിൽക്കാൻ ആകാതെ അവർ നിശബ്ദമായി പിൻവാങ്ങി. അപ്പോളാണ് പൊടുന്നനവെ ഒരു വിപ്ലവഗാനത്തിനു തിരി കൊളുത്തപ്പെട്ടതു. അതിന്റെ ചൂട് വളരെ വേഗം ബസിനുള്ളിൽ പടർന്നു പിടിക്കുകതന്നെ ചെയ്തു. ഇതിനിടക്ക് ഏതാനും ഗായികമാർ “പാലാപ്പള്ളി തിരുപ്പള്ളി” യെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ എത്രതവണ പരിശ്രമിച്ചു എന്ന് അവർക്കു തന്നെ നിശ്ചയം ഉണ്ടോ എന്ന് അറിഞ്ഞു കൂടാ. “പാലാപ്പള്ളി …” യുമായി നേർത്ത സ്ത്രൈണശബ്ദം ഏറ്റവും മുൻഭാഗത്ത് നിന്ന് യാത്ര തുടങ്ങിയപ്പോഴെല്ലാം “ചാലക്കുടി ചന്തക്കു പോയപ്പോൾ” തുടങ്ങിയ തകർപ്പൻ ഗാനങ്ങളുമായി ഘന ഗാംഭീര്യം ഉള്ള പുരുഷശബ്ദം അവരെ കയറ്റി വെട്ടി ഇരുത്തിക്കൊണ്ടിരുന്നു. പക്ഷെ പെൺകരുത്ത് ഉണ്ടോ വിട്ടുകൊടുക്കുന്നു! നിസ്സാരനായ ചിലന്തിയുടെ അശ്രാന്തപരിശ്രമവും പ്രചോദനവും മാതൃകയാക്കി വിജയശ്രീലാളിതൻ ആയ ബ്രൂസ് രാജാവിന്റെതു പോലെയുള്ള അവരുടെ നിരന്തര ശ്രമം എപ്പോഴോ ഒരിക്കൽ വിജയത്തിന് തിരി കൊളുത്തുക തന്നെ ചെയ്തു. ഇത് കണ്ടു മനസ്സ് നിറഞ്ഞ ചിലർ പാലാപ്പള്ളിയിൽ പോയേക്കാമെന്നു നേർച്ചനേർന്നതായി ഒരു വാർത്ത കേൾക്കുകയുണ്ടായി. പൊതുവെ കോച്ചിന്റെ മുകളിലത്തെ നിലയിൽ ശബ്ദകോലാഹലങ്ങൾ ഉയർന്നപ്പോൾ താഴത്തെ നിലയിൽ പൂർണ അച്ചടക്കവും നിശബ്ദതയും ആണ് അനുഭവപ്പെട്ടത്. എങ്കിലും അവർ വളരെ സന്തോഷവാന്മാരും സംതൃപ്തരും ആയിരുന്നു എന്നാണു കേട്ട് കേൾവി.
അങ്ങനെ ഇരുന്നപ്പോൾ ആണ് ഇന്ത്യ-ചൈന യുദ്ധം പൊട്ടിപ്പുറപ്പെടുവാൻ ഉള്ള സകല ലക്ഷണങ്ങളും പ്രത്യക്ഷമായതു. ഒരു ചൂടുപിടിച്ച ചർച്ചയിൽ ആണ് ആരംഭം. ചർച്ചയുടെ ചൂട് കൂടിക്കൂടി വന്നപ്പോൾ ഇന്ത്യ സംയമനം പാലിച്ചു, ഒരു പാട്ടിലൂടെ വെള്ളക്കൊടി ഉയർത്തി. എന്നാൽ ചൈന അത് നിഷ്ക്കരുണം അവഗണിച്ചതിന്റെ ലക്ഷണം ആണ് ചുറ്റിലും ആകാംഷാഭരിതർ ആയി നിലകൊണ്ട കാഴ്ചക്കാർ കണ്ടത്. എങ്കിലും കൂടുതൽ ഉച്ചത്തിലും വൈകാരികവുമായും ഇന്ത്യ പാടിയ അടുത്ത പാട്ടു ചൈനയുടെ മനസ്സ് ഉരുക്കുക തന്നെ ചെയ്തു. ഭാഗ്യവശാൽ ഇന്ത്യയുടെ കരുത്തു സംഗീതത്തിലുള്ള വൈഭവവും പാട്ടിന്റെ വരികൾ ഓർത്തിരിക്കുവാനുള്ള കഴിവും, എതിരാളിയെ പോലും മയക്കുന്ന വൈകാരികതയും ആയിരുന്നു എന്നാണു പൊതുജനാഭിപ്രായം. ട്രംപ്, പുട്ടിൻ, സെലെസ്ക്കി, നേതന്യാഹു, ഹമാസ് നേതാക്കൾ ഒക്കെ അവിടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ ഏറെ ആശിച്ചുപോയ ഒരു സമയം ആണത്. ഒരു വലിയ പ്രശ്നം ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ സൗഹാർദ്ദപരമായ രീതിയിൽ പരിഹരിക്കാമെന്ന് ഉള്ള വലിയ പാഠം അവർക്കു നേരിൽ കണ്ടുപഠിക്കാമായിരുന്നു.
ബാസലിൽ എത്തുന്നതിനു തൊട്ടുമുൻപ് പുറത്തേയ്ക്കു മുഖം കാണിച്ച സൂര്യൻ വളരെ തിടുക്കത്തിൽത്തന്നെ മേഘങ്ങളുടെ പുറകിലേയ്ക്കു തിരോധാനം ചെയ്തു എങ്കിലും ആ ഹൃസ്വമായ സന്ദർശനം സമ്മാനിച്ചത് ആശയുടെ നേരിയ വാഗ്ദാനം ആയിരുന്നു. ഒരു ജലച്ചായ ചിത്രം പോലെ മൂടൽമഞ്ഞിലൂടെ ബാസൽ നഗരം ക്രമേണ ഉയർന്നുവന്നു. ഉരുളൻ കല്ലുകൾ പാകിയ തെരുവുകളും മധ്യകാലസമയത്തെ വാസ്തുവിദ്യയും മഴയിൽ തിളങ്ങി നിന്നിരുന്നു. ഒരു ഹൃസ്വമായ കാലതാമസത്തിനു ശേഷം ഹെയ്ഡൽബെർഗിനെ ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര തുടർന്നു. എല്ലാവരും എത്തിച്ചേർന്നതിനെത്തുടർന്നു സംഘാടകർ പ്രഭാതഭക്ഷണമായ കാപ്പിയും ഗിപ്ഫെലിയും വിതരണം ചെയ്തു യാത്ര പൂർവാധികം ഊഷ്മളവും ഉന്മേഷവും ഉള്ളതാക്കി. സ്കൈ ജ്യൂസ് (സാദാ കുപ്പിവെള്ളം), ഗിഗ്ഗിൾ ജ്യൂസ് (കപ്പിലെ സ്പെഷ്യൽ വെള്ളം), മധുരം, എരിവ്, പുളി തുടങ്ങിയ രുചികളിലുള്ള വിവിധയിനം ലഘുഭക്ഷണങ്ങൾ ഇവയൊക്കെ സുലഭമായി വന്നുകൊണ്ടിരുന്നു. ഫോട്ടോഗ്രാഫർമാർ, പപ്പരാസികൾ തുടങ്ങിയവർ യാത്രയുടെ ആരംഭം മുതലേ സജീവമായി ഓടിനടന്നു സീനുകൾ പകർത്തുന്നതിൽ വ്യാപൃതർ ആയിരുന്നു. കോച്ചിന്റെ പിൻഭാഗത്ത് നിന്നും ഉയർന്നുകൊണ്ടിരുന്ന മനോഹരമായ ഗാനശകലങ്ങൾ യാത്രയിൽ ഉടനീളം കാതുകൾക്ക് ഇമ്പം പകർന്നു. അങ്ങനെ കൊറിച്ചും കുടിച്ചും പാട്ടുകൾ പാടിയും കളി തമാശകൾ പറഞ്ഞുരസിച്ചും യാത്ര ആസ്വദിക്കുന്നതിനു ഇടയിൽ സമയം കടന്നത് അറിയാതെ ഞങ്ങൾ ഹെയ്ഡൽബെർഗിൽ എത്തിച്ചേർന്നു. സമയപരിമിധി കൊണ്ട് അവിടുത്തെ പഴയ പട്ടണത്തിന്റെ പുതിയ കുറച്ചു ഭാഗങ്ങൾ മാത്രം കാണുവാനേ തരപ്പെട്ടുള്ളു.
ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്ന അവിടെത്തന്നെയുള്ള ഷാങ്ങ്ഹായ് റെസ്റ്ററെന്റ് ആയിരുന്നു അടുത്ത ലക്ഷ്യം. “മുൻവിധി എന്നത് ഒരു മൂടൽമഞ്ഞാണ്, അത് ലോകത്തിലൂടെയുള്ള നമ്മുടെ യാത്രയിൽ പലപ്പോഴും ഏറ്റവും തിളക്കമുള്ളതിനെ മങ്ങിക്കുകയും നമ്മുടെ വഴിയിൽ കണ്ടുമുട്ടുന്ന എല്ലാ നല്ലതും മഹത്വമുള്ളതുമായ വസ്തുക്കളിൽ ഏറ്റവും മികച്ചതിനെ മറയ്ക്കുകയും ചെയ്യുന്നു” എന്ന മഹത് വചനത്തെ ഒരിക്കൽ കൂടെ ഓർമ്മിപ്പിക്കുകയും അടിവരയിട്ടു ഉറപ്പിക്കുകയും ചെയ്ത ഒരു അനുഭവമാണ് എനിക്ക് അവിടെ ഉണ്ടായത്. റെസ്റ്ററന്റിന്റെ വലിപ്പം കൊണ്ടും, രുചിയേറിയ ഭക്ഷണത്തിലെ വൈവിധ്യം അവയുടെ അവതരണം എന്നിവകൊണ്ടും, സ്റ്റാഫിന്റെ പെരുമാറ്റം കൊണ്ടും എന്ന് വേണ്ട എല്ലാത്തരത്തിലും മുൻപന്തിയിൽ നിൽക്കുന്ന ആ റെസ്റ്റോറന്റ് ഇന്ദ്രിയങ്ങൾക്ക് നൽകിയ വിരുന്ന് ഏവരും ശരിക്കും ആസ്വദിക്കുക തന്നെ ചെയ്തു. ചൈനീസ് ഭക്ഷണം കഴിക്കാൻ ഹെയ്ഡൽബെർഗ് വരെ പോകണമോ എന്ന് തയ്യാർ ഇടുപ്പിന്റെ ആദ്യ നാളുകളിൽ നെറ്റി ചുളിച്ച ഞാൻ ഉൾപ്പെടെ എല്ലാവരും വളരെ സംതൃപ്തിയോടെ ആണ് പുറത്തേയ്ക്കു ഇറങ്ങിയത്. അതിന്റെ ആലസ്യത്തോടെ പാചകത്തിന്റെ ആനന്ദങ്ങളിൽ നിന്ന് സാംസ്കാരിക മാസ്മരികതയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടർന്നു.
തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഹൈഡൽബർഗ് നഗരത്തിന് മുകളിലുള്ള ഒരു കുന്നിൻ ചെരുവിലാണ് ഹൈഡൽബർഗ് കാസിൽ സ്ഥിതി ചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട ഈ കാസിലിനു ആവർത്തിച്ച യുദ്ധങ്ങളും മിന്നലാക്രമണങ്ങളും മൂലം നിരന്തരം കേടുപാടുകൾ സംഭവിക്കുകയും, പതിനെട്ടാം നൂറ്റാണ്ടോടെ ഇത് ഭാഗികമായി തകരുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും, ജർമ്മൻ റൊമാന്റിസിസത്തിന്റെയും ദേശീയ പൈതൃകത്തിന്റെയും പ്രതീകമായി ഇന്നും ഈ കോട്ട നിലനിൽക്കുന്നു. ഗോതിക്, നവോത്ഥാന ശൈലികളിലെ വാസ്തുവിദ്യയുടെ മിശ്രിതവും നെക്കാർ നദിയുടെയും നഗരത്തിന്റെയും വിശാലമായ കാഴ്ചകളും ജർമ്മനിയുടെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ലാൻഡ്മാർക്കുകളിൽ ഒന്നാക്കി ഇതിനെ മാറ്റുന്നു. ചരിത്രപരമായ വാസ്തുവിദ്യകൾ, മനോഹരമായ പുറം കാഴ്ചകൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയുടെ സമ്പന്നമായ ഒരു മിശ്രിതം ആണ് ഞങ്ങൾക്ക് അവിടെ കാണുവാൻ സാധിച്ചത്.
പൊടുന്നനവെ മേഘപാളികളിൽ നിന്ന് പുറത്തുവന്ന സൂര്യൻ കൊട്ടാരത്തെ പുതിയൊരു കാഴ്ചവസ്തു ആക്കി മാറ്റി. അകത്തും പുറത്തും നൃത്തങ്ങൾ, ജാസ് സംഗീതം, രാജകീയമായ രീതിയിൽ വസ്ത്രധാരണം ചെയ്ത ആതിഥേയരുടെ സാന്നിധ്യം … . ചരിത്രത്തോടൊപ്പം ആധുനിക വിനോദങ്ങൾ അനായാസം ഇഴ ചേർന്നപ്പോൾ അവിടുത്തെ അന്തരീക്ഷത്തിനു ഒരു മാസ്മരത കൈവന്നു. വർത്തമാനകാലത്തെ സ്വീകരിക്കുകയും അതിനോടൊപ്പം മറ്റൊരു യുഗത്തിലേക്ക് കാലെടുത്തുവയ്ക്കുകയും ചെയ്യുന്നതിന് തുല്യമായ ഒരു അനുഭൂതി ആണ് അവിടെ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ഹൈഡൽബർഗ് കാസിലിൽ എല്ലായ്പ്പോഴും വിശേഷമായ എന്തെങ്കിലും പരിപാടികൾ നടക്കാറുണ്ട്. ഞങ്ങൾ ചെന്ന 2025 മാർച്ച് 29 ന്, സംഗീതം, നൃത്തം, ക്രിയേറ്റീവ് വർക്ക്ഷോപ്പുകൾ, പാചക ആനന്ദങ്ങൾ എന്നിവയുൾപ്പെടുത്തിയുള്ള ഒരു “സ്പ്രിംഗ് അവേക്കണിംഗ്” ആക്ഷൻ ഡേ ആണ് സംഘടിപ്പിച്ചിരുന്നത്. അവിടെ വളരെ മനോഹരമായ ഒരു ഫ്യൂണിക്കുലർ ഉണ്ട്. ഹൈഡൽബർഗ് മൗണ്ടൻ റെയിൽവേ എന്നും അറിയപ്പെടുന്ന ഹൈഡൽബർഗ് ഫ്യൂണിക്കുലർ റെയിൽവേ 1890 മാർച്ച് 30 ന് പ്രവർത്തനം ആരംഭിച്ചു. ലോവർ ഫ്യൂണിക്കുലർ വിഭാഗമാണ് ആദ്യം പ്രവർത്തനക്ഷമമായത്. 1907 ൽ ക്യോണിഗ്സ്റ്റുളിലേക്കുള്ള രണ്ടാമത്തെ ഭാഗം കൂട്ടിച്ചേർത്തു. സെക്കൻഡിൽ 2 മീറ്റർ വേഗതയിൽ ഈ ട്രെയിൻ നീങ്ങുന്നു. ചരിത്രപ്രസിദ്ധമായ ഈ ഹിൽ ട്രെയിനിൽ കയറുന്നത് തീർച്ചയായും ഒരു മികച്ച അനുഭവമാണ്. ഇതിനെ “ഫ്യൂണിക്കിൾ എക്സ്പീരിയൻസ്” എന്ന് വിളിക്കുന്നു. ഉരുളൻ കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ തെരുവുകൾ ഓരോ ചുവടുവയ്പ്പിലും ആകർഷണീയത നൽകുമ്പോൾ, കോട്ടയിൽ നിന്നും പിന്നീട് ക്യോണിഗ്സ്റ്റുളിൽ നിന്നുമുള്ള പനോരമ കാഴ്ചകൾ ആ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തെ അതിന്റെ എല്ലാ മഹത്വത്തോടു കൂടെയും വെളിപ്പെടുത്തുന്നു. ശ്രദ്ധേയമായ ഒരു അനുഭവത്തിന് ശേഷമുള്ള വിടവാങ്ങലും തികച്ചും സ്മരണീയമായിരുന്നു. സൂര്യാസ്തമയം ആകാശത്തെ മഞ്ഞ, സ്വർണം, ഓറഞ്ച്, കടും ചുവപ്പ് എന്ന ഊഷ്മള നിറങ്ങളുടെ ഒരു പാലറ്റാക്കി മാറ്റി. അതിന്റെ മാറുന്ന നിറങ്ങൾ കൊട്ടാരത്തിലും ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളിലും ഒരു മാന്ത്രിക തിളക്കം വീശിയപ്പോൾ, ഞങ്ങളും ഒരു ജീവനുള്ള പെയിന്റിംഗിന്റെ ഭാഗമായി മാറി. ഊർജ്ജസ്വലമായ നിമിഷങ്ങളും ആകർഷകമായ പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ ഒരു ദിവസത്തിന്റെ അനുയോജ്യമായ ഒരു സമാപന ചടങ്ങായിരുന്നു അത്.
ഇവയൊക്കെ കണ്ടു ആസ്വദിക്കുന്നതിനിടയിൽ മടക്കയാത്രക്കുള്ള സമയമെത്തിയതു വളരെ പെട്ടെന്ന് ആണെന്ന് തോന്നിപ്പോയി. തിരികെയുള്ള യാത്രയുടെ തുടക്കം അന്നേ ദിവസത്തെ അനുഭവങ്ങളുടെ ഒരു അവലോകനത്തോടുകൂടി ആയിരുന്നു. ഉർജസ്വലതയോടെ ആരംഭിച്ച അനുമോദനങ്ങളുടെയും ക്രിയാത്മകമായ വിമര്ശനങ്ങളുടെയും നന്ദി പ്രകടനങ്ങളുടെയും ഒടുവിൽ ഒരു ക്ഷീണിച്ച നിശബ്ദത കോച്ചിനുള്ളിൽ മെല്ലെ കയറിക്കൂടി. വിതരണം ചെയ്യപ്പെട്ട കേക്കും മധുര പലഹാരങ്ങളും ലഘുഭക്ഷണങ്ങളും വിശപ്പിനെ ദൂരെയകറ്റിയെങ്കിലും മങ്ങിയ വെളിച്ചമുള്ള ഹൈവേയിലൂടെ മൂളി ഓടിക്കൊണ്ടിരുന്ന കോച്ചിന്റെ ഉള്ളിൽ യാത്രാക്ഷീണത്തിന്റെയും ശാന്തമായ സംതൃപ്തിയുടെയും സമ്മിശ്രമായ ഒരു അന്തരീക്ഷം തളംകെട്ടി നിന്നു. ഇടയ്ക്കിടക്ക് ഒഴുകിവന്നുകൊണ്ടിരുന്ന കൊച്ചു ഗായകരുടെ ഇമ്പമേറിയ ഗാനങ്ങൾ വസന്തകാലത്തെ കുളിർകാറ്റു പോലെ മനസ്സിനെ തഴുകിയുണർത്തി.
ചിലർ താളാത്മകമായ ചലനത്തിൽ മയക്കത്തിന്റെ മടിയിലേക്ക് വഴുതി വീണപ്പോൾ മൃദുവായ സ്വരത്തിൽ സംസാരിച്ചുകൊണ്ടിരുന്ന ചെറിയ ചെറിയ സംഘങ്ങൾ സ്നേഹബന്ധങ്ങൾ പുതുക്കുന്നത്തിലോ, ദൃഢമാക്കുന്നതിലോ, യാത്രയിലെ രസകരമായ നിമിഷങ്ങൾ അയവിറക്കുന്നതിലോ ഒക്കെ
വ്യാപൃതരായി. ഇടയ്ക്കിടയ്ക്ക് ഫോൺ സ്ക്രീനുകളിൽ നിന്നുള്ള തിളക്കങ്ങളും, സൌമ്യമായ ഓവർഹെഡ് ലൈറ്റുകളും മിന്നിമറയുന്നുണ്ടായിരുന്നു. പുറത്ത് സൂര്യാസ്തമയത്തിന്റെ അവസാന സൂചനകളും അപ്രത്യക്ഷമായപ്പോൾ, ആകാശം ആഴത്തിലുള്ള ഒരു നീലക്കയത്തിലേയ്ക്ക് വീണു മുങ്ങി.
ഇതിനിടയിൽ എപ്പോഴോ ആണ് ചിലരുടെ മനസ്സിൽ ആത്മീയ ചിന്തകൾ ഉണർന്നെഴുന്നേറ്റതു. അതിൽ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല. കാരണം, അത്രമാത്രം ശാന്തതയും വിസ്മയവും അവശേഷിപ്പിച്ച ഒരു അനുഭവം ആണ് ആ ദിവസം സമ്മാനിച്ചത്. തുടർന്ന് ആരോ തുടങ്ങിവച്ച മരണം, മരണാന്തരജീവിതം ഇവയെക്കുറിച്ചുള്ള ചർച്ചകൾ പലരുടെയും ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് ചിലർ പങ്കിട്ട സെമിനാരി അനുഭവങ്ങൾ ഏറെ കൗതുകകരം ആയിരുന്നു – അതിന്റെ ആധികാരികത ഇതുവരെ ഉറപ്പാക്കിയിട്ടില്ല എങ്കിൽ പോലും. മരണാനന്തരം ദൈവത്തിന്റെ മുന്തിരിത്തോപ്പിലെ ഒരു വേലക്കാരൻ ആകുവാനുള്ള വിളി തനിക്കു കിട്ടും എന്ന ദൃഢമായ വിശ്വാസത്തിൽ കഴിയുന്ന ചിലർ അത് ഉറക്കെ പരസ്യപ്പെടുത്തുവാൻ മടികാണിച്ചില്ല. പക്ഷെ ആരൊക്കെ യഥാർത്ഥ സ്വർഗത്തിൽ എത്തിച്ചേരും എന്നുള്ള അടുത്ത ചോദ്യം ഏവരെയും ഒന്ന് കുഴക്കി. അവസാനം മാർപ്പാപ്പമാർ പോലും ഒരു പക്ഷെ അവിടെ എത്തപ്പെടുകയില്ലായിരിക്കും എന്ന നിഗമനത്തിൽ എത്തിച്ചേർന്നത് ഏവർക്കും ആശ്വാസം പകർന്നു എന്നാണു മനസ്സിലായത്.
മടക്ക യാത്രയ്ക്കിടയിൽ എപ്പോഴോ പകൽ രാത്രിയോട് വിട പറഞ്ഞുകഴിഞ്ഞിരുന്നു. ഇത്തരം നീണ്ട യാത്ര പോലെയുള്ള പങ്കിട്ട അനുഭവങ്ങൾ ആളുകളെ തമ്മിൽ മിക്കപ്പോഴും കൂടുതൽ അടുപ്പിക്കും എന്ന സത്യം ഒരിക്കൽ കൂടെ വെളിപ്പെട്ടു. സംഭാഷണത്തിലോ ആലാപനത്തിലോ കളികളിലോ ഒക്കെ സജീവമായി പങ്കുചേരുകയോ, നിരീക്ഷകരെന്ന നിലയിൽ മൗനമായ സന്തോഷത്തിൽ മുഴുകുകയോ ആണെങ്കിൽ പോലും അത്തരം നിമിഷങ്ങൾ പലപ്പോഴും ശാശ്വതമായ മതിപ്പുകൾ മനസ്സിൽ അവശേഷിപ്പിക്കും. ഈ യാത്രയിൽ പങ്കുചേർന്ന എല്ലാവരോടും ഉള്ള ഹൃദയം നിറഞ്ഞ നന്ദി സംഘാടകർ രേഖപ്പെടുത്തി. ദൈവത്തിനു കൃതജ്ഞത അർപ്പിച്ചുള്ള ഒരു ഗാനത്തോടെ യാത്രയ്ക്ക് തിരശീല വീണു.
ശാന്തവും തണുപ്പുള്ളതുമായ ഒരു യാത്രയിൽ നിന്ന് സംഗീതവും ഒരുമയും നിറഞ്ഞ ഉജ്ജ്വലമായ ഒരു യാത്രയിലേയ്ക്കും പിന്നീട് ഒരു പടികൂടി കടന്നു ആല്മീയതലത്തിലേയ്ക്കും ഉള്ള മാറ്റത്തിന്റെ മാന്ത്രികത മനസ്സിന്റെ ചെപ്പിൽ സൂക്ഷിച്ചുകൊണ്ടു രാത്രിയിൽ ഏതാണ് 10:45-നു ഞങ്ങൾ സൂറിച്ചിൽ മടങ്ങിയെത്തി..
.
