അപ്രതീക്ഷിതമായി ജന്മദേശത്തേയ്ക്കു യാത്രയായ ആ അപൂർവ അനുഭവം എന്നേയ്ക്കുമായി ഞാൻ എന്റെ മനസ്സിൽ കുറിക്കുകയുണ്ടായി – ബി ഫ്രണ്ട്‌സ് ബ്രെഗൻസിലെക്കു സംഘടിപ്പിച്ച ടൂറിന്റെ യാത്രാവിവരണം – റീത്ത വിമലശ്ശേരി

വണ്ടിയിലൊരു പാർലമെന്റ്

1.

ദിവസം നേരത്തെ തന്നെ ആരംഭിച്ചിരുന്നു എന്ന ബോധ്യം ഇനിയും വരാതെ, കുളിർമയുള്ള പ്രഭാതത്തിൽ പാതി ഉണർന്ന മനസ്സുമായി മീറ്റിംഗ് പോയിന്റിൽ എത്തിച്ചേർന്ന എനിക്ക് അവിടെ കാത്തുനിന്നിരുന്ന സഹയാത്രികരുടെ ഊഷ്മളമായ പെരുമാറ്റം നൽകിയ ഊർജം കുറച്ചൊന്നുമല്ലായിരുന്നു. അതിനു പുറമെ, സംഘാടകരുടെ നിറപുഞ്ചിരിയോടെ ഉള്ള സ്വാഗതവും കുശലാന്വേഷണങ്ങളും കൂടെ ആയപ്പോൾ മനസ്സിനും ശരീരത്തിനും ഒരു പുതിയ ഉണർവ് കൈവന്നതായി തോന്നി.

അങ്ങനെ ഉണർന്നെഴുന്നേറ്റ ശരീരവും മനസ്സുമായി ഞാനും എന്റെ സഹയാത്രികരും ഏറ്റവും സുഖപ്രദമായ സീറ്റ് അന്വേഷിച്ച് കോച്ചിലേക്ക് തിരക്കിട്ടു കയറി. ചിലർ ഉടൻ തന്നെ സ്ഥലം കണ്ടെത്തി സീറ്റുറപ്പിച്ചപ്പോൾ, മറ്റു ചിലർ  സീറ്റ് തിരഞ്ഞെടുക്കലിനെ ദേശീയ പ്രാധാന്യമുള്ള തന്ത്രപരമായ ഒരു നീക്കമായി മാറ്റി.

പൊടുന്നനവെ ബസിന്റെ പിൻഭാഗത്ത് നിന്ന് പരിചിതമായ ഒരു വിളി ഉയർന്നു പൊങ്ങി ക്രമേണ മുൻഭാഗത്തേയ്ക്കു കടന്നു വരുന്നതായി അനുഭവപ്പെട്ടു:

“കാപ്പി, കാപ്പി! ചായ, ചായ!”

ആ ശബ്ദം ഒരു നിമിഷത്തേക്ക് എന്നെ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഇന്ത്യയിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് ടെർമിനലുകളിലേക്കുമാണ് കൊണ്ടുപോയതു. ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്ന ഒരു വിൽപ്പനക്കാരന്റെ താളവും സ്വാഭാവികതയും ആ ശബ്ദത്തിനുണ്ടായിരുന്നു. പക്ഷെ ഒരു ശൂന്യമായ പ്രഖ്യാപനം മാത്രമായിരുന്നു അതെന്നു ക്രമേണ മനസ്സിലായപ്പോൾ നിരാശപ്പെടുകയല്ല, മറിച്ചു, സ്വിസ് മോട്ടോർവേയിലെവിടെയോ വച്ച്, കുറച്ച് നിമിഷങ്ങളിലൂടെ, അപ്രതീക്ഷിതമായി ജന്മദേശത്തേയ്ക്കു യാത്രയായ ആ അപൂർവ അനുഭവം എന്നേയ്ക്കുമായി ഞാൻ എന്റെ മനസ്സിൽ കുറിക്കുകയാണുണ്ടായത്.

പുതിയ സംഘാടക സമിതിയുടെ കീഴിൽ ഉള്ള ഇത്തവണത്തെ യാത്ര എങ്ങനെയായിരിക്കുമെന്ന് അനുഭവിച്ചറിയുവാൻ ജിജ്ഞാസയോടെ കാത്തിരുന്ന എനിക്ക്, ആദ്യ സൂചനകൾക്കായി അധികം കാത്തിരിക്കേണ്ടി വന്നില്ല. ടൂർ ഗൈഡിങ്ങിൽ പ്രൊഫഷണൽ യോഗ്യത നേടിയ മൂന്നംഗ കമ്മറ്റി എല്ലാ കാര്യങ്ങളും വിപുലമായി അപഗ്രഹിച്ചു കുറ്റമറ്റ ഒരു യാത്രക്ക് വേണ്ട എല്ലാവിധ കണക്കു കൂട്ടലുകളും വളരെ നേരത്തെ മുതൽ  ആരംഭിച്ചിരുന്നു. ദിവസങ്ങൾ ആയി പുറകെ പുറകെ അയച്ചുകിട്ടിയ അറിയിപ്പുകൾ തയ്യാർ എടുപ്പിനു യാത്രക്കാരെയും ഏറെ സഹായിച്ചു. അങ്ങനെ, ഞങ്ങൾ വളരെ പ്രതീക്ഷയോടെ ഓസ്ട്രിയയിലെ ബ്രെഗെൻസ്, കോൺസ്റ്റൻസ് തടാകം എന്നിവ ലക്ഷ്യമാക്കി രാവിലെ 7:30 നു സൂറിച്ചിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ, ഈ യാത്ര പൂർണതയിലേക്ക് എത്തിക്കുവാനുള്ള അവരുടെ കണക്കുകൂട്ടലുകൾ പൂർത്തിയായിരുന്നു എന്ന് നിസ്സംശയം പറയാം. പ്രഭാതത്തിലെ സ്വർണ്ണവെയിലിൽ കുളിച്ചൊരുങ്ങി നിന്ന പ്രകൃതി അതിരമണീയമായ ഒരു ദിവസം വാഗ്ദാനം ചെയ്തുകൊണ്ട് അവരോടൊപ്പം കൈകോർത്തപ്പോൾ സുന്ദരമായ ഒരു അനുഭവം ആണ് രൂപപെട്ടത്

ലേഖിക ഭർത്താവിനോടൊപ്പം

2.

മികച്ച സീറ്റുകൾക്കായുള്ള ഹ്രസ്വവും എന്നാൽ തീവ്രവുമായ മത്സരത്തിനുശേഷം, എല്ലാവരും അവരവർ തിരഞ്ഞെടുത്ത ഇടങ്ങളിലും സ്വന്തം ലോകങ്ങളിലും സ്ഥിരതാമസമാക്കി. യാത്ര തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ, ഞങ്ങളുടെ കോച്ച് സ്വാഭാവികമായും പല വ്യത്യസ്ത വിഭാഗങ്ങളായി പിരിഞ്ഞു.

താഴത്തെ ഡെക്കിലെ ഭരണസമിതിയുടെ ഓഫീസ് താരതമ്യേന നിശബ്ദമായി ചിട്ടയായ ആയ രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്ന ശിരാകേന്ദ്രമായപ്പോൾ മുകളിലത്തെ ഡെക്ക് തിരക്കേറിയ – ഒരു സൂപ്പർ ഓർഗാനിസമായ തേനീച്ചക്കൂടിന്റെ പ്രതീതി ജനിപ്പിക്കുന്ന – വളരെ സംഘടിതമായ പ്രവർത്തനങ്ങളുടെ കലവറയായി മാറി. ഏറ്റവും മുൻഭാഗത്ത് ഉർജ്ജസ്വലരായ വനിതാ ഫോറം മെംബേർസ്  – അതായത് ഈ എക്സ്പെഡിഷന്റെ കോ-പൈലറ്റുമാർ – തുടക്കം മുതലേ അന്നേ ദിവസത്തെ പരിപാടിയുടെ അവസാന റിഹേഴ്സൽ പോലെ തോന്നിക്കുന്ന ഒന്ന് ആരംഭിച്ചുകഴിഞ്ഞിരുന്നു. അവരുടെ ഏകാഗ്രത, ജാഗ്രത, ശുഷ്‌കാന്തി, അർപ്പണബോധം ഒക്കെ ഒരു വിനോദയാത്രയെ എന്നതിനേക്കാൾ ഒരു “mission” (ഉന്നതദൗത്യം) ന്റെ കൺട്രോൾ റൂമിനെ നയിക്കുന്നവരുടെ നിലവാരത്തിലുള്ളതായിരുന്നു എന്ന് പിന്നീടുള്ള മണിക്കൂറുകൾ തെളിയിച്ചു.

അതേസമയം, മദ്ധ്യ-പിൻ-വിഭാഗങ്ങൾ പെട്ടെന്ന് തന്നെ സ്വന്തം പാർലമെന്റ് രൂപീകരിച്ചു. പാരമ്പര്യം ആവശ്യപ്പെടുന്നതുപോലെ, ചർച്ചകൾ രാഷ്ട്രീയത്തിലേക്ക് വളർന്നു. മിനിറ്റുകൾക്കുള്ളിൽ, സങ്കീർണ്ണമായ ദേശീയ, അന്തർദേശീയ പ്രശ്നങ്ങൾ വിശകലനം ചെയ്യുകയും ഉച്ചത്തിൽ ചർച്ച നടത്തുകയും ചില സന്ദർഭങ്ങളിൽ ചിലതൊക്കെ പരിഹരിക്കുകയും ചെയ്തു.

വൈവിധ്യമാർന്ന ഒരു യാത്രാ സംഘമായിരുന്നു ഞങ്ങളുടേത്. ബി ഫ്രണ്ട്സ് അംഗങ്ങൾക്കൊപ്പം രണ്ട് കുട്ടികളും ഒരു കൈകുഞ്ഞും കുറച്ചു അന്താരാഷ്ട്ര അതിഥികളും ഏതാനും ലോക്കൽ അതിഥികളും ഉണ്ടായിരുന്നത് ഉല്ലാസയാത്രയ്ക്ക് വ്യത്യസ്തമായ ഒരു ബഹുരാഷ്ട്ര സ്വഭാവം നൽകി.

ജൂനിയർ പ്രതിനിധി സംഘം അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിലേക്ക് താമസം കൂടാതെ ശ്രദ്ധ കേന്ദ്രീകരിച്ചു, അതേസമയം ഏറ്റവും പ്രായം കുറഞ്ഞ കൊച്ചുപങ്കാളി മുഴുവൻ സമയവും പ്രശംസനീയമായ നിഷ്പക്ഷത പാലിച്ചുകൊണ്ട്, ബാക്കിയുള്ളവർക്ക് ലഭ്യമല്ലാത്ത വ്യത്യസ്തമായ ഒരു വീക്ഷണകോണിൽ നിന്ന് സംഭവങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. സാംസ്കാരിക വിനിമയമോ നരവംശശാസ്ത്ര പഠനമോ ഉൾക്കൊണ്ട  വ്യാഖ്യാനത്തിന് വാതിൽ തുറന്നിട്ടിരുന്ന ഈ ചലനാത്മക സൂക്ഷ്മപ്രപഞ്ചത്തിന് (dynamic microcosm) ഞങ്ങളുടെ അന്താരാഷ്ട്ര അതിഥികൾ താരതമ്യേന നിശബ്ദമായി സാക്ഷ്യം വഹിച്ചു.

പതിവിനു വിപരീതമായി ഞാനും ദിവസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പു തുടങ്ങിയിരുന്നു. വസ്ത്രങ്ങൾ ഏകോപിപ്പിച്ചു, ക്യാമറ ബാറ്ററി ചാർജ് ചെയ്തു,…. അങ്ങനെ എന്റെ ബാഗ് പൂർണ്ണമായും പാക്ക് ചെയ്തു ഹാളിൽ നിക്ഷേപിച്ച ശേഷമാണ് ഉറങ്ങാൻ കിടന്നതു തന്നെ. പക്ഷെ ഒരു ചെറിയ കൈപ്പിഴവ് പറ്റിയത് ശ്രദ്ധയിൽ പെട്ടില്ല. എന്റെ തൊപ്പി!!!

3.

ടൂർ പങ്കാളിയായ ഒരു അനുഗ്രഹീത ഗായകനോടൊപ്പം പരിശുദ്ധാല്മാവിനെ സ്മരിച്ചുകൊണ്ട് യാത്ര പുറപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രസിഡന്റിന്റെ സ്വാഗതപ്രസംഗം, ഭാരവാഹികളുടെ പരിചയപ്പെടുത്തൽ, യാത്രാപരിപാടികളുടെ വിഷാദശാംശങ്ങളെക്കുറിച്ചുള്ള അറിയിപ്പ് എന്നിവയ്ക്കു ശേഷം പ്രഭാതഭക്ഷണം വിളമ്പികൊണ്ടു പാചക പരിപാടി ആരംഭിച്ചു. ഒരു അസോസിയേഷന്റെ അംഗങ്ങളെപ്പോലെയല്ല, ദീർഘദൂര വിമാനത്തിലെ യാത്രക്കാരെപ്പോലെയായിരുന്നു അപ്പോൾ അവിടെ ഞങ്ങൾക്ക് അനുഭവപ്പെട്ടത് – മികച്ച സംഭാഷണവും, കുറഞ്ഞ പ്രക്ഷുബ്ധതയും ഒഴികെ.

പ്രഭാതഭക്ഷണം അവസാനിച്ചയുടനെ വീട്ടിൽ തയ്യാറാക്കിയ ലഘുഭക്ഷണങ്ങളുടെ ആദ്യ തരംഗം പ്രത്യക്ഷപ്പെട്ടു. ഇത് ദിവസത്തിൽ ഉടനീളം പ്രതിഫലിച്ചുകൊണ്ടിരുന്ന ഒരു പ്രതിഭാസം ആയിരുന്നു. ഒരു ഭക്ഷണ ഘട്ടം അവസാനിക്കുമ്പോഴെല്ലാം, ബസിലെ എവിടെ നിന്നോ മറ്റൊരു പാത്രമോ കൊട്ടയോ നിശബ്ദമായി ഉയർന്നുവരുമായിരുന്നു.

അങ്ങനെ ഞങ്ങൾ അറിയുന്നതിനു മുമ്പ് തന്നെ, ഞങ്ങളുടെ യാത്രയുടെ ആദ്യത്തെ പ്രധാന നാഴികക്കല്ലായ Pfänder എന്ന സ്ഥലത്ത് ഞങ്ങൾ എത്തിച്ചേർന്നു. പർവതത്തിന്റെ ഉച്ചകോടിയിലേയ്ക്ക് പറക്കാൻ റെഡി ആയി സഞ്ചാരികൾ പനോരമിക് കേബിൾ കാർ ക്യാബിനിൽ തിങ്ങിനിറഞ്ഞുനിന്നു. മുകളിലേക്ക് കയറുമ്പോൾ, മൂന്ന് രാജ്യങ്ങളുടെ അതിർത്തി ത്രികോണത്തിന്റെ ഗാംഭീര്യവും വിശാലവും അതിമനോഹരവുമായ ദൃശ്യങ്ങളും ശ്വാസം അടക്കി കണ്ടുകൊണ്ടിരുന്നപ്പോഴും ഞാൻ രണ്ട് കാര്യങ്ങളിൽ കൂടെ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ മറന്നില്ല: തൊട്ടടുത്തു നിൽക്കുന്ന അപരിചിതരുടെ സപ്പോർട്ട് കൂടാതെ  എന്റെ ശരീരബാലൻസ് നിലനിർത്തുക, കൊടുമുടിയിൽ കാത്തിരിക്കുന്ന കണ്ണഞ്ചിക്കുന്ന ആൽപൈൻ സൂര്യപ്രകാശത്തിനായി എന്നെത്തന്നെ സജ്ജമാക്കുക.

നിരീക്ഷണ ഡെക്കിലേക്ക് കാലെടുത്തുവച്ചപ്പോൾ തന്നെ, പ്രകൃതി തന്റെ പൂർണ്ണ പ്രാഭവത്തോടെ ഞങ്ങളെ അവിടേയ്ക്കു സ്വാഗതം ചെയ്തു. ചടുലമായ ആൽപൈൻ കാറ്റ് ഗാംഭീര്യ ഭാവത്തോടെ എന്റെ ‘സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്’ മുടിയെ പൊടുന്നനവെ കടന്നു പിടിച്ചപ്പോൾ, കൂസൽ കൂടാതെ അവ കാറ്റിനൊപ്പം അനായാസം നൃത്തം ചെയ്തു. ദൂരെ നിന്ന് നോക്കുന്ന ആർക്കും, ഒരു ഉയർന്ന ബജറ്റ് ഷാംപൂ പരസ്യത്തിലെ ഒരു പരുക്കൻ നായികയെപ്പോലെ, പഞ്ചഭൂതങ്ങൾക്ക് എതിരെ അഭിമാനത്തോടെ പിടിച്ചു നിൽക്കുന്ന ഒരാളായിട്ടു ആയിരിക്കാം ഞാൻ കാണപ്പെട്ടത്. പക്ഷെ അടുത്ത് എത്തുമ്പോൾ ആ മിഥ്യാധാരണ ഉടനടി തകരുമെങ്കിലും.

പെട്ടെന്ന് തന്നെ ഫോട്ടോഗ്രാഫി മിക്കവരുടെയും ആ ദിവസത്തിലെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി മാറിയപ്പോൾ, ആളുകളുടെയും പ്രകൃതിദൃശ്യങ്ങളുടെയും സാധ്യമായ എല്ലാ സംയോജനത്തിലും നൂറുകണക്കിന് ചിത്രങ്ങൾ പകർത്തിയെടുക്കപ്പെട്ടു – വ്യക്തി, കുടുംബം, ഗ്രൂപ്പ്, മൾട്ടി-ഗ്രൂപ്പ് രൂപങ്ങൾ. രണ്ടുപേർ പത്ത് സെക്കൻഡിൽ കൂടുതൽ നിശ്ചലമായി നിന്നാൽ, ഒരു ഫോട്ടോ ഏതാണ്ട് ഉറപ്പായിരുന്നു. പർവതങ്ങളും കോൺസ്റ്റൻസ് തടാകവും ഫോട്ടോകൾക്ക് ഒരു നാടകീയ പശ്ചാത്തലം നൽകിയപ്പോൾ സൂര്യകിരണങ്ങൾ അതിന്റെ നിർണായകമായ പങ്ക് കൃത്യമായി നിർവഹിച്ചു. ഞങ്ങളുടെ യഥാർത്ഥ ദൗത്യം പ്ഫാൻഡർ (Pfänder) സന്ദർശിക്കുകയല്ല, മറിച്ച് അതിന്റെ അസ്തിത്വം സമഗ്രമായി രേഖപ്പെടുത്തുക എന്നതായിരുന്നു എന്ന് ഒരാൾക്ക് ന്യായമായും നിഗമനം ചെയ്യാം. വരും മാസങ്ങളിൽ ആൽബങ്ങളിലും ഡിജിറ്റൽ ശേഖരങ്ങളിലും ഈ രേഖകൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കും എന്നതിൽ അശേഷം സംശയമില്ല.

4.

പർവതത്തിന്റെ ഉച്ചകോടിയിൽ വച്ച്, സംഘം സ്വാഭാവികമായും ചെറിയ ഗ്രുപ്പുകളായി ചിതറിമാറി. ഇളയ അംഗങ്ങൾ പെട്ടെന്ന് തന്നെ കളിസ്ഥലം കണ്ടെത്തി, അവരുടെ ദൗത്യത്തിൽ പൂർണ്ണമായും മുഴുകിയപ്പോൾ മുതിർന്നവർ പ്രകൃതിയുടെ സങ്കീര്ണതയിൽ ശ്രദ്ധാലുക്കൾ ആയി – അക്കൂടെ അനിവാര്യമായ ഫോട്ടോഗ്രാഫിയും. ചിലർ നടപ്പാതകൾ പിന്തുടർന്നു, മറ്റുപലരും വ്യൂപോയിന്റുകളിലേക്ക് ചവിട്ടി കയറി തങ്ങളുടെ ഫിറ്റ്നസ് തെളിയിച്ചു, ഇനി ചിലർ ആൽപൈൻ പാർക്ക് പര്യവേക്ഷണം ചെയ്യുന്നതിൽ വ്യാപൃതരായി.

അവിടെ നിന്നും യാത്രാസംഘം ഉച്ചഭക്ഷണത്തിനായി ബ്രെഗൻസിലേക്ക് നീങ്ങി. അത്താഴം ആവശ്യമില്ലെന്ന് ഞങ്ങളിൽ മിക്കവരെയും ബോധ്യപ്പെടുത്താൻ തക്കവിധം ഭക്ഷണം വളരെ ഉദാരമായിരുന്നു. ഈ അനുമാനം ശുഭാപ്തിവിശ്വാസം നിറഞ്ഞതായിരുന്നു എന്ന് പിന്നീട് തെളിയുകയുണ്ടായി.

കോൺസ്റ്റൻസ് തടാകത്തിന്റെ തീരത്തുകൂടെയുള്ള ശാന്തമായ നടത്തമായിരുന്നു പരിപാടിയുടെ അവസാന ഭാഗം. അക്കാര്യത്തിൽ കാലാവസ്ഥാ സമിതി വ്യക്തമായും വിജയിച്ചു: നിറഞ്ഞു തുളുമ്പി നിൽക്കുന്ന സൂര്യപ്രകാശം, മേഘങ്ങളില്ലാത്ത നീലാകാശം, തഴുകിപ്പുണരുന്ന ഇളം കാറ്റ്, പോസ്റ്റ്കാർഡിലെ പടത്തിനെ വെല്ലുവിളിക്കുന്ന സുന്ദരമായ തടാകം, അതിലെ വെള്ളത്തിൽ ചാഞ്ചാടിക്കളിക്കുന്ന പ്രതിഫലനങ്ങൾ എന്നിവ തങ്ങളുടെ ക്രമീകരണങ്ങൾ ഞങ്ങൾ ചെല്ലുമ്പോഴേയ്ക്കും പൂർത്തിയാക്കികഴിഞ്ഞിരുന്നു. കുഞ്ഞോളങ്ങളും നീലാകാശവും തിളങ്ങി നിൽക്കുന്ന സൂര്യനും കായലിലെ വെള്ളത്തിനു അസാധാരണമായ ഒരു സൗന്ദര്യം നൽകി. ‘Tüte’ യിലെ ഐസ്ക്രീം നുണഞ്ഞു കൊണ്ട് തീരത്ത് കൂടി നടന്നു അവിടുത്തെ ശാന്തമായ അന്തരീക്ഷം ആസ്വദിച്ചും കായലിലെ വിവിധ കാഴ്ചകൾ കണ്ടും കുതിച്ചുയരുന്ന തിരമാലകളെ നോക്കി തീരത്ത് ഇരുന്നു കൊച്ചിക്കാരനുമായി കൊച്ചിയിലെ കഥകൾ പങ്കിട്ടും സമയം ചിലവഴിച്ചപ്പോഴേയ്ക്കു ബ്രെഗൻസ് ഉത്സവ വേദി മുഴുവൻ ഊർജ്ജസ്വലമാക്കാൻ ആവശ്യമായ അൾട്രാവയലറ്റ് രശ്മികൾ എന്റെ നെറ്റി ആഗിരണം ചെയ്തിരുന്നു. എങ്കിലും അത് തികച്ചും മനോഹരമായ ഒരു ദിവസമായി എനിക്ക് അനുഭവപ്പെട്ടു. ചിലർ തുഴവഞ്ചിയിൽ തടാകത്തിലൂടെ കറങ്ങിയപ്പോൾ മറ്റു ചിലർ ജലത്തിന്റെ താപനില നേരിട്ട് പരിശോധിക്കുവാൻ ഉള്ള വെമ്പലിൽ ആയിരുന്നു. കായൽ കരയിൽ ഇളം കാറ്റേറ്റ് ഒരു കപ്പു ചൂട് കാപ്പി ആസ്വദിക്കുവാനും പലരും മറന്നില്ല.

എന്തിനും ഒരു അവസാനം ഉണ്ടല്ലോ. അങ്ങനെ ഞങ്ങൾ അനിവാര്യമായ മടക്ക യാത്ര ആരംഭിച്ചു.

5.

ആരംഭം മുതലേ ശ്രദ്ധേയമായ കാര്യക്ഷമതയോടെ വിളമ്പിയ മധുരപലഹാരങ്ങളുടെയും മറ്റു ലഘുഭക്ഷണങ്ങളുടെയും തുടർച്ചയായ പ്രവാഹം നിസ്സംശയം സൂചിപ്പിച്ചതു അർപ്പിത മനോഭാവമുള്ള ഒരു ലോജിസ്റ്റിക്സ് ടീം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണു. യാത്രയിലുടനീളം ദാഹശമനികൾ കൃത്യമായി കൈകാര്യം ചെയ്യപ്പെട്ടു, നല്ല മാനസികാവസ്ഥയും സുരക്ഷിതമായ യാത്രയും നിലനിർത്താൻ സോഫ്റ്റ് ഡ്രിങ്കുകൾ മുകളിലത്തെ ഡെക്കിൽ ധാരാളമായി വിതരണം ചെയ്യപ്പെട്ടപ്പോൾ ശക്തമായ പാനീയങ്ങൾ നിയന്ത്രിതമായ അളവിൽ മാത്രം പ്രത്യക്ഷപ്പെടുന്നതായി ആണ് കണ്ടത്.

ചിരി, സംഭാഷണങ്ങൾ, ഭക്ഷണം, കാഴ്ചകൾ എന്നിവയ്ക്ക് പിന്നിൽ എല്ലാം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കിയ ഒരു സമർപ്പിത സംഘാടക സമിതി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. വനിതാ ഫോറം പ്രത്യേക അംഗീകാരം അർഹിക്കുന്നു. അവരുടെ ഊർജ്ജവും സർഗ്ഗാത്മകതയും യാത്രയെ ആദ്യന്തം സജീവമാക്കി. ഇടതടവില്ലാതെ ഉള്ള അവരുടെ പ്രവർത്തനം ലളിതമായ ഒരു ബസ് യാത്രയെ, നർമ്മവും ഇടപെടലും പങ്കിട്ട വേറിട്ടൊരു അനുഭവമാക്കി മാറ്റി.

യാത്രയിലെ പ്രശംസനീയമായ സംഗീത സംഭാവനകളും പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. പ്രഗത്ഭരായ സംഗീതജ്ഞർ ഭക്തി- ഹാസ്യ-പ്രണയ-ശോക ഗാനങ്ങളെ അസാമാന്യ വൈദഗ്ധ്യത്തോടെ അവതരിപ്പിച്ചു ശ്രോതാക്കളെ ആനന്ദത്തിൽ ആറാടിച്ചപ്പോൾ ആവേശഭരിതരായ അമച്വർമാരും തുല്യ അഭിനിവേശത്തോടെയും കൂടുതൽ ധൈര്യത്തോടെയും അവരുടെ ഗാനവൈഭവം പ്രകടിപ്പിച്ചു അർഹമായ കരഘോഷം നേടി.

പങ്കാളിത്തം സ്വാഭാവികമായി വന്നു, എല്ലാവരും അവരുടേതായ രീതിയിൽ സംഭാവനകൾ നൽകി: ചിലർ പാടി, ചിലർ കൈയടിച്ചു, ചിലർ നിശബ്ദമായി നിരീക്ഷിച്ചു, പക്ഷെ എല്ലാവരും ആ ദിവസത്തിന്റെ ആത്മാവിൽ ഉൾപ്പെട്ടു. ഒരു ഉല്ലാസയാത്രയുടെ വിജയത്തിന്റെ അളവുകോൽ സന്ദർശിച്ച സ്ഥലങ്ങളുടെ എണ്ണം അല്ല, യാത്രയിലുടനീളം പങ്കിട്ട ഊഷ്മളമായ സൗഹൃദബോധവും നർമ്മബോധവുമാണ് എന്ന് ഒരിക്കൽ കൂടെ ഏവർക്കും ബോദ്ധ്യമായി.

ഭാഗ്യവശാൽ, സഹയാത്രികരുടെയും സംഘാടക സംഘത്തിന്റെയും ജാഗ്രതയെ ഹ്രസ്വമായി പരീക്ഷിച്ച ഒന്നോ രണ്ടോ ഷെഡ്യൂൾ ചെയ്യാത്ത സംഭവങ്ങൾ ഒഴികെ, ദിവസം വളരെ സന്തോഷമായും സുഗമമായും കടന്നു.

എന്നാൽ, നിർഭാഗ്യവശാൽ, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിട്ടും, ഒരു വിശദാംശം അവഗണിക്കപ്പെട്ടു: എന്റെ തൊപ്പി! അതിന്റെ അഭാവം വരുത്തിയ പരിണതഫലങ്ങൾ പിന്നീട് ഫോട്ടോഗ്രാഫുകളിൽ പൂർണ്ണമായും ദൃശ്യമായി. തൊപ്പിയും സൺഗ്ലാസ്സുമണിഞ്ഞു പരിചയസമ്പന്നരായ യാത്രക്കാരെപ്പോലെ മറ്റുള്ളവർ ‘ഷൈൻ’ ചെയ്തപ്പോൾ, പാറിപ്പറക്കുന്ന മുടിയുമായി ഷാംപൂ പരസ്യം പോലെയുള്ള ഒരു പോസിൽ ഞാനും പ്രത്യക്ഷപ്പെട്ടു. ഇന്നത്തെ ഫോട്ടോഗ്രാഫുകൾ ടൂറിസത്തെ ആണോ അതോ മുടി സംരക്ഷണ ഉൽപ്പന്നങ്ങളെ ആണോ പ്രോത്സാഹിപ്പിക്കുന്നതു എന്ന ചോദ്യം ഭാവിയിലെ വിശകലനത്തിന് വേണ്ടി തുറന്നിടുന്നു.

ബസ് യഥാസമയം മടങ്ങി, പാർലമെന്റ് പിരിഞ്ഞുപോയി, അന്താരാഷ്ട്ര നിരീക്ഷകർ അവരുടെ ഫീൽഡ് പഠനം പൂർത്തിയാക്കി, ജൂനിയർ പ്രതിനിധി സംഘം അതിന്റെ ഊർജ്ജ ശേഖരം തീർത്തു, വിനോദ വകുപ്പ് അതിന്റെ ദൗത്യം നിറവേറ്റി യാത്ര പറഞ്ഞു.

മലകളുടെയും തടാകങ്ങളുടെയും പുഞ്ചിരിക്കുന്ന മുഖങ്ങളുടെയും നൂറുകണക്കിന് ഫോട്ടോഗ്രാഫുകൾക്കിടയിൽ, എന്റെ  ‘ഉപ്പ് & കുരുമുളകു ലുക്ക് ‘ മുടി ആൽപൈൻ കാറ്റിനൊപ്പം ആടിത്തിമിർത്ത അവിസ്മരണീയമായ ദിവസം അയവിറക്കുമ്പോൾ വീട്ടിലെ ഏകാന്തതയിൽ ദിവസം ചിലവഴിക്കുവാൻ നിര്ബന്ധിതയായ തൊപ്പിയുടെ ചിത്രം മാത്രം വിങ്ങുന്ന ഒരോർമ്മയായി എന്നിൽ അവശേഷിക്കുന്നു.

റീത്ത വിമലശ്ശേരി

TOUR PHOTO ALBUM – https://photos.app.goo.gl/6hYkfvBu9pnm39vz6

Leave a Reply

Your email address will not be published. Required fields are marked *